തിരുവല്ല : ബാലസംഘം പത്തനംതിട്ട ജില്ലാ സമ്മേളനം സെപ്റ്റംബർ 3, 4 തീയതികളിൽ ഇരവിപേരൂരിൽ നടക്കും. നാടിനെ കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് മതനിരപേക്ഷ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭാവിയെ സൃഷ്ടിക്കാനുള്ള ബാലസംഘത്തിന്റെ ബദൽ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനത്തിന് കരുത്ത് പകരുന്നതാണ് ഏരിയാ സമ്മേളനങ്ങളും ജില്ലാ സമ്മേളനങ്ങളും. 30,000 കുട്ടികൾ പങ്കെടുക്കുന്ന റാലിയും, സെമിനാറുകൾ, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, സാഹിത്യ രചന മത്സരങ്ങളും സമ്മേളനത്തിന്റെ ഭാഗമായി
നടത്തും. മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണിക് യാഹിർ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്യും.
നാലാം തീയതി ഞായറാഴ്ച മൂന്നു മണിയ്ക്ക് കുട്ടികളുടെ ഘോഷയാത്ര സെന്റ്. ജോൺസ് ഹൈസ്കൂളിൽ എത്തിച്ചേരുമ്പോൾ നടക്കുന്ന പൊതുസമ്മേളനം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. മുഖ്യ അതിഥികളായി ബെന്യാമിൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സരോദ് ചങ്ങാടത്ത്, അഡ്വ. എം റൺ ദീപ് തുടങ്ങിയവരും പങ്കെടുക്കും.