കോട്ടയം: പൂവൻതുരുത്തിൽ രണ്ടു വീടുകളുടെ മുകളിൽ മരം വീണു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലാണ് പ്രദേശത്തെ രണ്ടു വീടുകളുടെ മുകളിൽ മരം വീണത്. കോട്ടയം കൊല്ലാട് പൂവൻതുരുത്ത് മുണ്ടക്കയ്ക്ക് രാധാകൃഷ്ണൻ പി.എമ്മിന്റെയും, കൊടുവത്ത്പറമ്പിൽ അനില ജോസഫിന്റെയും വീടിനു മുകളിലാണ് മരം വീണത്. ചൊവ്വാഴ്ച പുലർച്ചെ വീടിനു മുകളിൽ മരം വീഴുമ്പോൾ വീട്ടുകാർ എല്ലാവരും ഉള്ളിലുണ്ടായിരുന്നു.
അടുക്കള ഭാഗത്താണ് മരം വീണത്. അതുകൊണ്ടു തന്നെ അപകടം ഒഴിവാകുകയായിരുന്നു. രണ്ടു വീടുകളുടെയും അടുക്കള ഭാഗം ഏതാണ്ട് പൂർണമായും തകർന്നിട്ടുണ്ട്. രണ്ടു വീടുകളുടെയും അടുക്കള ഭാഗത്ത് മരം വീണാണ് വീട് തകർന്നത്. നാട്ടുകാരും വീട്ടുകാരും വിവരം അറിയിച്ചതോടെ പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ സ്ഥലത്ത് എത്തി. വില്ലേജ് ഓഫിസർ അടക്കമുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തും.