റാന്നി : പത്തനംതിട്ട പ്ലാച്ചേരി റോഡിൽ വൺവേ തെറ്റിച്ച് അമിതവേഗത്തിൽ വന്ന പിക്ക് അപ്പ് വാൻ ഓട്ടോയിൽ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പ്ലാച്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വന്ന ഓട്ടോയിൽ ഇന്നലെ ഉച്ചക്ക് ശേഷം 2 മണിയോടെ ഇട്ടിയപ്പാറ പോസ്റ്റ് ഓഫീസിന് സമീപം വച്ച് ഇടിച്ചാണ് അപകടമുണ്ടായത്. റാന്നി നെല്ലിയ്ക്കാമൺ കരിംകുറ്റി മിനിവിലാസം വീട്ടിൽ കൃഷ്ണപിള്ളയുടെ മകൻ ബാഹുലേയൻ നായർ (57) ആണ് മരിച്ചത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. പിക്ക് അപ്പ് ഡ്രൈവർ കോട്ടയം പൂഞ്ഞാർ നടുഭാഗം മറ്റക്കാട് ഇലവുങ്കൽ അൻസാരിയുടെ മകൻ അൻസലി (30)നെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടു കറങ്ങിത്തിരിഞ്ഞ ഓട്ടോയിൽ പിന്നിൽ വന്ന സ്കൂട്ടർ ഇടിച്ച് യാത്രികരായ ഭാര്യമാഭർത്താക്കന്മാർക്ക് നിസ്സാരപരിക്കേറ്റു. ഇടിയിൽ തെറിച്ച് റോഡിൽ വീണാണ് ഇരുവർക്കും പരിക്കേറ്റത്.