മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ കർഷകർ നട്ടം തിരിയുകയാണ്. കോട്ടാങ്ങൽ , കൊറ്റനാട്, എഴുമറ്റൂർ, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായിട്ടാണ് കൃഷി നശിപ്പിക്കപ്പെടുന്നത്. വനമേഖലകളിൽ മാത്രം ഉണ്ടായിരുന്ന പന്നിയുടെ ശല്യം ഇപ്പോൾ ജനവാസമേഖലകളിലെ നാട്ടിൻപുറങ്ങളിലും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എഴുമറ്റൂർ തെള്ളിയൂർ പ്രദേശങ്ങളിൽ കാട്ടുപന്നി കൃഷിയിടങ്ങൾ ഉഴുത് മറിച്ചു. തെള്ളിയൂർ മണിച്ചാടത്ത് പനച്ചിക്കൽ അനന്ദകുമാർ , ജയഭവനത്തിൽ ഗോപിനാഥൻ, അരിവിക്കാട് ബാബു എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ പന്നി വാഴ കൃഷി നശിപ്പിച്ചു. വാഴ, കപ്പ , ചേമ്പ്, ചേന, കാച്ചിൽ പച്ചക്കറികൾ എന്നിവയാണ് ഏറെയും നശിപ്പിക്കപ്പെടുന്നത്. ചില പ്രദേശങ്ങളിൽ നേരം പുലർന്നു കഴിഞ്ഞു ഇവറ്റകളുടെ ശല്യം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർ രാത്രികാലങ്ങളിൽ കൃഷി സംരക്ഷിക്കുന്നതിനായി കൃഷിയിടത്തിൽ ഷെഡ് കെട്ടി ആഴികൂട്ടി കാവലിരിക്കുകയാണ്. കൃഷി നാശം വ്യാപകമായതോടെ ബാങ്ക് വായ്പയും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുത്ത് കൃഷി ചെയ്യുന്ന കർഷകർ കടക്കെണിയിൽ നട്ടം തിരിയുകയാണ്. കൃഷി ഉപജീവനമാർഗ്ഗമാക്കിയ കർഷകർ പലരും കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. കാട്ടുമൃങ്ങളുടെ ശല്യത്തിൽ കൃഷി നശിപ്പിക്കപ്പെട്ട കർഷകരെ സംരക്ഷിക്കാൻ നടപടി വേണമെന്ന കർഷകരുടെ ആവശ്യത്തിന് പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.