കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിലെ ഒ പി കൗണ്ടറിലെ കമ്പ്യൂട്ടർ തകരാറിലായി. നൂറ് കണക്കിന് രോഗികൾ ക്യൂ നിൽക്കെയാണ് ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപത്തെ ഒ.പി ടിക്കറ്റ് കൗണ്ടറിലെ കമ്പ്യൂട്ടർ തകരാറിലായത്. കമ്പ്യൂട്ടർ തകരാറിനെ തുടർന്ന് ഒരു മണിക്കൂറോളം ഒ പി ടിക്കറ്റ് വിതരണം നിലച്ചു. ഇതോടെ രോഗികൾ ബഹളമുണ്ടാക്കി. ഈ സാഹചര്യത്തിൽ ആശുപത്രി അധികൃതർ കമ്പ്യൂട്ടർ സംവിധാനം മാറ്റി സാധാരണ നിലയിൽ ഒ പി ടിക്കറ്റുകൾ വിതരണം ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ നൂറുകണക്കിന് രോഗികൾ എത്തിച്ചേർന്നിരുന്നു. രോഗികൾ ക്യൂവിൽ നിൽക്കെയാണ് ആശുപത്രിയിലെ ഒ പി ടിക്കറ്റ് നൽകുന്ന കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായത്. ഓണത്തിന്റെ സമയത്തും സമാന രീതിയിൽ നിരവധി തവണ ഈ കമ്പ്യൂട്ടർ തകരാറിലായിരുന്നു. എന്നാൽ കമ്പ്യൂട്ടറിന്റെ തകരാർ പരിഹരിക്കാൻ സംവിധാനമൊരുക്കാതിരുന്നതാണ് ഇന്ന് സ്ഥിതി രൂക്ഷമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒ പി ടിക്കറ്റ് ലഭിക്കാൻ ഒരു മണിക്കൂറോളം വൈകിയതോടെ ക്യൂവിൽ നിന്ന് രോഗികൾ പ്രതിഷേധമുയർത്തി. രോഗികളുടെ പ്രതിഷേധം ശക്തമായ നടൻ പൊലീസ് ഇടപെടുകയായിരുന്നു. നൂറുകണക്കിന് രോഗികളാണ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ടിക്കറ്റ് എടുക്കുന്നതിനായി ക്യൂ നിന്നിരുന്നത്. ഇതോടെ പൊലീസ് കൺട്രോൾ റൂം സംഘം സ്ഥലം എത്തി. തുടർന്ന് ബദൽ മാർഗം ഒരുക്കാൻ ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ രീതിയിൽ ആശുപത്രി അധികൃതർ പേപ്പറിൽ തന്നെ ഒ പി ടിക്കറ്റ് നൽകുകയായിരുന്നു. ഇതോടെയാണ് പ്രശ്നത്തിന് താൽക്കാലികമായി പരിഹാരമായത്. എന്നാൽ നൂറുകണക്കിന് രോഗികളാണ് ഇപ്പോഴും ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ നിൽക്കുന്നത്.