അടൂർ : വസ്തു സംബന്ധമായ തർക്കം നിലനിൽക്കേ വാക്കുതർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് സ്ത്രീകളെ കഠിന ദേഹോപദ്രവം ഏൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ അങ്ങാടിക്കൽ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയിൽ വിശ്വഭവനം വീട്ടിൽ ഷീജയുടെ മകൻ ഷിജു എന്ന് വിളിക്കുന്ന ആഷിക് (28)ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് അങ്ങാടിക്കൽ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയിൽ വിശ്വഭവനം വീട്ടിൽ തുളസിയുടെ ഭാര്യ പൊന്നമ്മ (67)മകൾ തുഷാര എന്നിവരെ, ഇവരുടെ വീട്ടിനുള്ളിൽ കയറി വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതി ഉപദ്രവിക്കുകയായിരുന്നു. കയ്യിൽ കരുതിയ വിറകു കഷ്ണം കൊണ്ട് അടിയ്ക്കുകയും, മുതുകിന് ചവിട്ടുകയും ചെയ്തപ്പോൾ ഓടിരക്ഷപ്പെട്ട് സമീപത്തുള്ള ക്ഷേത്രത്തിൽ ഇരുവരും ഓടിക്കയറി. അവിടെയെത്തിയ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇഷ്ടികയും കല്ലും വലിച്ചെറിഞ്ഞു. ഇഷ്ടിക കൊണ്ട് തുഷാരയുടെ നെറ്റിയിൽ മുറിവേറ്റു. ഇരുമ്പുകമ്പി കൊണ്ട് പൊന്നമ്മയുടെ തലയിൽ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്ന് വനിതാപോലീസ് പൊന്നമ്മയുടെ മൊഴി രേഖപ്പെടുത്തി. കേസെടുത്ത് അന്വേഷണം തുടങ്ങിയ കൊടുമൺ പോലീസ് സംഭവസ്ഥലത്തുനിന്നും വിറകുകഷ്ണം, ഇഷ്ടിക, ഇരുമ്പുകമ്പി എന്നിവ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇന്നുരാവിലെ അറസ്റ്റ് രേഖപ്പെടുത്തി, പിന്നീട് കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്പെക്ടർ പ്രവീൺ, എസ് ഐ മനീഷ് എസ് സി പി ഒ സക്കറിയ, സി പി ഓമാരായ പ്രദീപ്, കൃഷ്ണകുമാർ, ഷിജു, ഗീത എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.