കോട്ടയം: പത്തു വർഷത്തിനു മുൻപുണ്ടായ ഒരു സംഭവം, കോട്ടയം നഗരമധ്യത്തിൽ സിനിമ കണ്ട ശേഷം മടങ്ങിയ ഇരുചക്ര വാഹനങ്ങൾ ചന്തക്കവല ജംഗ്ഷനിൽ കൂട്ടിയിടിച്ചു. രണ്ടു ബൈക്കുകളിലായി നാലു യുവാക്കളാണ് എത്തിയത്. ഒരു ബൈക്ക് വൺവേ തെറ്റിച്ചെത്തി. മറ്റൊരു ബൈക്ക് നേരായ ദിശയിലും എത്തി. രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചപ്പോൾ ദാരുണമായി മരിച്ചത് രണ്ടു യുവാക്കളാണ്. നാടിനെ ഞെട്ടിച്ച ആ ദാരുണ ദുരന്തത്തിന് ശേഷം അന്നത്തെ ജില്ലാ പൊലീസ് മേധാവി ഒരു കർശന നിർദേശം നൽകി. കോട്ടയം നഗരത്തിൽ രാത്രിയിലും വൺവേ കർശനമായി പാലിക്കണം. ആ ജില്ലാ പൊലീസ് മേധാവിയുടെ പേര് രാമചന്ദ്രൻ എന്നായിരുന്നു. സർവീസിൽ നിന്നും വിരമിച്ച ശേഷം ഇദ്ദേഹം ഇപ്പോൾ കാരാപ്പുഴയിലെ വസതിയിൽ വിശ്രമ ജീവിത്തതിലാണ്. ഇദ്ദേഹത്തിന്റെ സർവീസ് പൂർത്തിയാകുന്ന കാലം വരെയും കോട്ടയം നഗരത്തിൽ രാത്രിയിലെ വൺവേ സംവിധാനം കർശനമായി പാലിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഒരു യുവാവ് അതി ദാരുണമായി മരിച്ചതോടെയാണ് കോട്ടയം നഗരത്തിലെ വൺവേ സംവിധാനത്തെപ്പറ്റി വീണ്ടുവിചാരം ഉണ്ടായത്. നഗരമധ്യത്തിലെ 90 ശതമാനം റോഡുകളും വൺവേ മാത്രമാണ്. റോഡിനു വീതി കുറവായതും, വളവും തിരിവും നിറഞ്ഞതുമായതുകൊണ്ട്, അപകടം ഒഴിവാക്കുന്നതിനാണ് നഗരത്തിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ, വൈകിട്ട് എട്ടു മണിയ്ക്കു ശേഷം വൺവേ ‘ഉണ്ടാകില്ലെന്ന’ അദൃശ്യമായ നിർദേശമാണ് രാത്രിയിലെ അമിത വേഗത്തിലേയ്ക്കും അപകടത്തിലേയ്ക്കും നയിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരത്തിലെ പ്രധാന റോഡുകളായ എം.സി റോഡും കെ.കെ റോഡും വൺവേയാണ്. ടിബി ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള കെ.കെ റോഡും, ഇവിടെ നിന്ന് ബേക്കർ ജംഗ്ഷൻ വരെയുള്ള റോഡും പൂർണമായും വൺവേയാണ്. ആകാശപ്പാത മുതൽ കെ.എസ്.ആർ.ടി.സിയ്ക്കു മുന്നിലൂടെ ടിബി ജംഗ്ഷൻ വരെ എം.സി റോഡും വൺവേയാണ്. മലയാള മനോരമ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ കെ.കെ റോഡിലും വൺവേ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, രാത്രിയിൽ ദിശ തെറ്റിച്ച് എത്തുന്ന വാഹനങ്ങൾക്കെതിരെ എതിർദിശയിൽ നിന്നും ഒരു വണ്ടി വന്നാൽ മതി കഥ തിരിയാൻ. ഈ സാഹചര്യത്തിൽ കോട്ടയം നഗരത്തിൽ അപകടം ഒഴിവാക്കാൻ രാത്രിയിലും അടിയന്തരമായി വൺവേ തന്നെ ക്രമീകരിക്കണമെന്നാണ് നിർദേശം ഉയരുന്നത്.