പത്തനംതിട്ട :പേവിഷബാധയെക്കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ ആര്‍ജിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പേവിഷബാധ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.പേവിഷബാധയെക്കുറിച്ചുള്ള ശരിയായ അറിവ്, ശരിയായ അവബോധം എന്നിവ എല്ലാവര്ക്കും ഉണ്ടാവണം. ഏഴു ദിവസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പേവിഷബാധയേക്കുറിച്ചുള്ള ബോധവത്കരണം നല്‍കും. വിദ്യാര്‍ഥികളിലൂടെ ആരംഭിച്ച് പേവിഷബാധയ്ക്കെതിരെ പ്രതിരോധത്തിന്റെ വലിയ ചങ്ങല തീര്‍ക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ഥി സമൂഹത്തേയാണ് ആദ്യം പ്രബുദ്ധമാക്കേണ്ടത്. കാരണം പേവിഷബാധ ഏറ്റവും കൂടുതല്‍ ഏല്‍ക്കുന്നത് 15 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ്.
പേ വിഷബാധയെക്കുറിച്ചുള്ള ശരിയായ അറിവ്, ശരിയായ സ്രോതസ്, ശരിയായ ശീലങ്ങള്‍ എന്നിവ മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പേവിഷബാധയ്ക്കെതിരെയുള്ള നിലവിലെ സ്രോതസുകള്‍ ഏറ്റവും അനുയോജ്യമായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
കാതോലിക്കേറ്റ് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഹെഡ്മാസ്റ്റര് ഗ്രെയ്സണ് മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ. ജ്യോതിഷ് ബാബു, റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഇ. രാജന് തുടങ്ങിയവര്‍ പങ്കെടുത്തു. പത്തനംതിട്ട ആര് എഎച്ച് സി എ പി.ഒ ഡോ. ആര്. രാജേഷ് ബാബു, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ശുഭ പരമേശ്വരന് എന്നിവര്‍ പേവിഷബാധയും, ഓമന മൃഗപരിപാലന നിയമങ്ങളും എന്ന വിഷയത്തില്‍ ക്ലാസുകള്‍ നയിച്ചു.