റബ്ബർ ബോർഡിന്റെ കണക്കനുസരിച്ച് രാജ്യത്ത് ആവശ്യമുള്ളതിനേക്കാൾ നാലു ലക്ഷത്തി ഇരുപത്തിയെണ്ണായിരം ടൺ സ്വാഭാവിക റബ്ബറും, കോമ്പൗണ്ട് റബ്ബറും, വ്യവസായികൾ ഇറക്കുമതി ചെയ്തിരിക്കുകയാണ്. കിലോയ്ക്ക് 180 രൂപ വരെ ഉയർന്ന സ്വാഭാവിക റബ്ബർ വില 145 രൂപയിലേക്കും ഫീൽഡ് ലാറ്റക്സ് വില 95 രൂപയിലേക്കും കൂപ്പു കുത്തുവാൻ ഉണ്ടായ പ്രധാന കാരണം അനിയന്ത്രിതമായ ഇറക്കുമതിയാണ്. ഗുണമേന്മ കുറഞ്ഞ കോമ്പൗണ്ട് റബ്ബർ വെറും 5 ശതമാനം തീരുവയ്ക്കാണ് ആസിയാൻ രാജ്യങ്ങളിൽനിന്ന് ടയർ ലോബികൾ ഇറക്കുമതി ചെയ്യുന്നത്. റബർ ബോർഡിൻറെ കണക്കനുസരിച്ച് വ്യവസായികളുടെ കൈവശവും, വ്യാപാരികളുടെ കൈവശവും 2021 ഏപ്രിൽ മാസത്തിൽ സ്വാഭാവിക റബ്ബർ മുന്നിരുപ്പ് (സ്റ്റോക്ക് ) 3,45,000 ടൺ ആണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഉൽപാദനം 7,75,000 ടൺ ആണ്. 3560 ടൺ കയറ്റുമതി കഴിച്ച്, 11,20,000 ടൺ രാജ്യത്തെ ഉപഭോഗത്തിനു വേണ്ടി ലഭ്യമായിരുന്നു. യഥാർത്ഥ ഉപഭോഗം 12,38,000 ടൺ ആയിരുന്നു. ഇതിനർത്ഥം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യേണ്ടത് 1,18,000 ടൺ ആയിരുന്നു. എന്നാൽ 2021-22 വർഷം സ്വാഭാവിക റബറും, കോമ്പൗണ്ട് റബറും ഇറക്കുമതി ചെയ്തത് 5,46,000 ടൺ ആയിരുന്നു. ഇതിനർത്ഥം രാജ്യത്ത് കഴിഞ്ഞ ഒരു വർഷം ആവശ്യമുള്ളതിനേക്കാൾ 4,25,000 ടൺ ഇറക്കുമതി നടത്തി. ഇത് രാജ്യത്തെ റബ്ബർ കർഷകരോട് ചെയ്ത കടുത്ത അപരാധമാണ്. കേന്ദ്രസർക്കാർ ഈ നയം തിരുത്തി റബ്ബറിന്റെ ഇറക്കുമതി അടിയന്തിരമായി നിർത്തലാക്കണം.
കേന്ദ്ര സർക്കാർ 1947ലെ റബ്ബർ ആക്ട് പിൻവലിച്ച് പുതിയ റബർ പ്രൊമോഷൻ & ഡെവലെപ്മെൻറ് ബിൽ കൊണ്ടുവരികയാണ്. പുതിയ നിയമത്തിലെ പല നിർദ്ദേശങ്ങളും, കർഷക വിരുദ്ധമാണ്. ഇതിനെതിരെ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി യും , തോമസ് ചാഴികാടൻ എംപി യും ഉൾപ്പെടെ 1300ൽ അധികം പരാതികൾ കേന്ദ്ര സർക്കാരിന് നൽകിയിട്ടുണ്ട്. പുതിയ നിയമത്തിൽ റബ്ബറിനെ കാർഷിക ഉത്പന്നമായി പ്രഖ്യാപിച്ച് 1 കിലോ റബ്ബറിന് 250 രൂപ എങ്കിലും താങ്ങുവില നിശ്ചയിച്ച് നിയമം പാസാക്കണം. പുതിയ റബ്ബർ ബിൽ, റബ്ബറിനെ വ്യാവസായിക ഉൽപ്പന്നമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അത് തിരുത്തി കാർഷിക ഉൽപ്പന്നമായി പ്രഖ്യാപിച്ച് നിയമം പാസാക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൂതനമായ സമര രീതിയാണ് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. റബർ പാൽ നിരത്തി വെച്ച ട്രേകളിൽ ഉഴിച്ച് തോമസ് ചാഴികാടൻ എം.പി റബ്ബർ ബോർഡിന് മുൻപിൽ സമരം ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്, ജോബ് മൈക്കിള്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്സ്. എംഎല്‍എ, ലോപ്പസ് മാത്യു, വിജി എം തോമസ്, ജോസഫ് ചാമക്കാല, നിര്‍മ്മല ജിമ്മി, ഡോ. സിന്ധുമോള്‍ ജേക്കബ്, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, ഷീലാ തോമസ്, സാജന് കുന്നത്ത്, ടോബിന് കെ അലക്സ്, എ എം മാത്യു, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍,ജോസ് ഇടവഴിക്കല്‍, തോമസ് ടി.കീപ്പുറം, ബെബ്ബിച്ചന് തുരുത്തി, ബെന്നി വടക്കേടം, ബെന്നി സി പൊന്നാരം, പ്രദീപ് വലിയപ്പറമ്പില്‍, എല്‍ബി അഗസ്റ്റിന്, ബിറ്റു വൃദ്ധാവന്‍, പൗലോസ് കടമ്പന്‍കുഴി, നൈന ബിജു തുടങ്ങിയര്‍ പ്രസംഗിച്ചു.