കോട്ടയം: ആലപ്പുഴ ആദ്യം ഒരു പുഴയായി. പിന്നെ അതിവേഗം കോട്ടയത്തെ കോൺഗ്രസുകാർ നിറഞ്ഞ ഒരു കടലായി മാറി. രാഹുൽ ഗാന്ധി നയിച്ച ജോഡോ യാത്രയ്ക്ക് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒരുക്കിയ സ്വീകരണ വേദിയിലാണ് കടൽ പോലെ ജനസാഗരം ഒഴുകിയെത്തിയത്. ആലപ്പുഴയിൽ ഇന്നത്തെ ജോഡോ യാത്രയുടെ പരിപാടികളാണ് കോട്ടയം ജില്ലാ കമ്മിറ്റിയ്ക്കായി മാറ്റി വച്ചത്. കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാകട്ടെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ജന സഞ്ചയത്തെ എത്തിച്ച് യാത്രയെ ആഘോഷയാത്രയാക്കി മാറ്റി. യാത്രയുടെ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി, വൻ ജനാവലിയെ അണിനിരത്തിയ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെ വലിയ തോതിലാണ് നേതാക്കളും പ്രവർത്തകരും ഒരേ ഭാഷയിൽ അനുമോദിച്ചത്.
ഞായറാഴ്ച രാവിലെ കോട്ടയത്തിന്റെ നല്ലൊരു പങ്കും രാഹുലിന്റെ യാത്രയുടെ അണിമുറിയാത്ത കണ്ണിയാകാൻ ആലപ്പുഴയിലേയ്ക്കു ഒഴുകുകയായിരുന്നു. രാജ്യത്തിന്റെ ഭാഗദേയം നിർണ്ണയിക്കുന്ന യാത്രയിൽ താനും, തങ്ങളും ഒപ്പമുണ്ടാകുമെന്നുള്ള പ്രഖ്യാപനവുമായാണ് നാട് ഒന്നായി ആലപ്പുഴയിലേയ്ക്ക് ഒഴുകിയത്. ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും നീണ്ട പരിശ്രമമായിരുന്നു ഈ യാത്രയാഥാർത്ഥ്യമാക്കാനും, പതിനായിരങ്ങളെ ആലപ്പുഴയിലേയ്ക്ക് ഒഴുകിയെത്തിക്കുന്നതിനുമായി എണ്ണയിട്ട യന്ത്രം പോലെ ജില്ലയിലെ കോൺഗ്രസിന്റെ നേതൃത്വം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. ഇതേ തുടർന്ന് ജില്ലയിൽ മാസങ്ങൾ നീണ്ടു നിന്ന പരിശ്രമമാണ് ജോഡോ യാത്രയ്ക്കു വേണ്ടി നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിൽ വിവിധ പരിപാടികളാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻ തയ്യാറെടുപ്പുകളാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ പരിപാടികൾക്കെല്ലാം മേൽനോട്ടം വഹിക്കുകയും ചെയ്തു. ജില്ലാ ഭാരവാഹികൾക്കും, സംസ്ഥാന ഭാരവാഹികൾക്കും, പോഷക സംഘടനാ നേതാക്കൾക്കും തുടങ്ങി മണ്ഡലം പ്രസിഡന്റുമാർക്കു വരെ വിവിധ ഉത്തരവാദിത്വങ്ങൾ വീതിച്ചു നൽകിയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഈ കാലയളവിൽ പ്രവർത്തിച്ചിരുന്നത്. എല്ലാവരും ജില്ലാ പ്രസിഡന്റിന് ഒപ്പം ഉറച്ച് നിന്നതോടെ ജില്ലയിൽ ഒരുകാലത്തും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആവേശമാണ് ജോഡോ യാത്രയെ സ്വീകരിക്കാൻ കണ്ടത്.