തിരുവനന്തപുരം: ജപ്തി നോട്ടീസ് പതിച്ചതിനെത്തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത കൊല്ലം ശൂരനാട് സ്വദേശി അഭിരാമി ഇടതു സര്‍ക്കാരിന്റെ വികലമായ സഹകരണ നയത്തിന്റെ ഇരയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ഇടതു സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ കേരളാ ബാങ്ക് ഇന്ന് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന ആധുനിക ‘ഷൈലോക്കായി’ മാറിയിരിക്കുന്നു. വായ്പാ ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും കേരള ബാങ്ക് ഉള്‍പ്പടെയുള്ള സഹകരണ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും സഹകരണ മന്ത്രി തന്നെ വ്യക്തമാക്കിയ ശേഷവും ജപ്തി നടപടികളുമായി മുമ്പോട്ട് പോയ ബാങ്ക് അധികൃതര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. സര്‍ഫാസി നിയമത്തിന്റെ പേരില്‍ കേരള ബാങ്കാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. സര്‍ഫാസി നിയമം കേന്ദ്രസര്ക്കാരിന്റേതാണെന്നാണ് മന്ത്രി വി എന്‍ വാസവന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ അംഗീകാരം കേരള ബാങ്കിന് നേടിയെടുക്കാന്‍ വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സര്‍ഫാസി നിയമം സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കുന്ന തീരുമാനം എടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന യാഥാര്‍ത്ഥ്യം മന്ത്രി മറച്ചുവെക്കുകയാണ്. സിപിഎം ഭരണ സമിതി കോടികള്‍ തട്ടിയെടുത്ത കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപക മരിച്ച സംഭവം പൊതുസമൂഹം മറന്നിട്ടില്ല. ജനങ്ങളുടെ നിക്ഷേപങ്ങള്‍ തട്ടിയെടുക്കുന്നവര്ക്കെതിരേ നടപടിയെടുക്കാന്‍ ആര്ജ്ജവമില്ലാത്തവരാണ് വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാത്ത സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. കൊവിഡ് മഹാമാരിയുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ വേട്ടയാടി ഉപജീവനം തടസ്സപ്പെട്ട സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ഫാസി നിയമം ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.