കോട്ടയം : ചിങ്ങവനത്ത് എം സി റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. കുമരകം, പൂവന്തുരുത്ത് സ്വദേശികളായ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. സാരമായി പരിക്കേറ്റ പൂവൻതുരുത്ത് സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു രണ്ടു പേരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഉണ്ടായ ബൈക്ക് അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടിയായിരുന്നു അപകടം. കുമരകത്തിൽ നിന്നും കാവാനത്തിനു പോവുകയായിരുന്നു ബൈക്ക് യാത്രക്കാരൻ. ചിങ്ങവനത്തെ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു സ്കൂട്ടർ യാത്രക്കാരൻ. ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയെത്തിയ പൂവന്തുരുത്ത് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർ സഞ്ചരിച്ച സ്കൂട്ടർ എതിർ ദിശയിൽ നിന്നും എത്തിയ കുമരകം സ്വദേശിയായ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടമുണ്ടായത് എന്ന് പോലീസ് പറഞ്ഞു. ഇതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാർ ഉടൻതന്നെ വിവരം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ചിങ്ങവനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി. തുടർന്ന് സിഐയുടെ തന്നെ വാഹനത്തിൽ പരിക്കേറ്റ് റോഡിൽ വീണു കിടന്നവരെ അതിവേഗം ജില്ലാ ജനറൽ ആശുപത്രിയിലും ഇവിടെ നിന്നും വിദഗ്ധ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്കൂട്ടർ യാത്രക്കാരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന.