കോട്ടയം: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ അഭിനന്ദനാർഹമായ പങ്കാളിത്തമാണ് കോട്ടയം ജില്ലയിൽ നിന്നുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കോട്ടയം ജില്ലയിലെ കോൺഗ്രസിന്റെ ശക്തി തെളിയിക്കുന്ന പ്രകടനമാണ് ആലപ്പുഴയിലും, ചേർത്തലയിലും കാണാൻ കഴിഞ്ഞത്, ഭാരത് ജോഡോ പദയാത്രയോടനുബന്ധിച്ചുള്ള വിലയിരുത്തലിനായുള്ള ഡിസിസി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന നിലയിൽ അപമാനിച്ച് കൊണ്ടുള്ള കേരളാ ബാങ്കിന്റെ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് ഡിസിസി ജനറൽ ബോഡി യോഗം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.സി.ജോസഫ്, കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, കുഞ്ഞ് ഇല്ലംപള്ളി, ഫിൽസൺ മാത്യൂസ്, സുധാ കുര്യൻ എന്നിവർ പ്രസംഗിച്ചു. ഭാരത് ജോഡോ യാത്ര വിജയകരമാക്കാൻ സഹായിച്ച മുഴുവൻ നേതാക്കന്മാരോടും, പ്രവർത്തകരോടും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് നാട്ടകം സുരേഷ് നന്ദി രേഖപ്പെടുത്തി.