പത്തനംതിട്ട ജില്ലയിലെ ഗാന്ധിജയന്തി വാരാചരണത്തിന് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി രാധാകൃഷ്ണന്‍, ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വി എ പ്രദീപ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീയ്ക്കല്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.
സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റേയും സന്ദേശം നല്‍കിയ മഹാത്മാവാണ് ഗാന്ധിജിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ ലോകമെമ്പാടും രാഷ്ട്രപിതാവിനെ അനുസ്മരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടികള്‍ ഉടന്‍ അരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അന്തരിച്ച സംസ്ഥാന മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ അദ്ദേഹം അനുസ്മരിച്ചു.
വരും തലമുറയ്ക്ക് വെളിച്ചം വീശുന്ന പാത ഒരുക്കിയ മഹത് വ്യക്തിത്വമാണ് മഹാത്മാഗാന്ധിയെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സത്യത്തിന്റേയും സഹിഷ്ണുതയുടേയും ത്യാഗോജ്വലമായ ജീവിതമാണ് ഗാന്ധിജിയുടേതെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ ഭരണകേന്ദ്രം, തദ്ദേശസ്വയംഭരണം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്, എക്‌സൈസ്, പോലീസ്, പൊതുമരാമത്ത് വകുപ്പുകളുടെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുപരിപാടികള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിരുന്നു. കായികതാരങ്ങള്‍, സര്‍വോദയ മണ്ഡലം പ്രസിഡന്റ് ഭേഷജം പ്രസന്നകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, ഹുസൂര്‍ ശിരസ്തദാര്‍ ബീന ഹനീഫ്, കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് സുനിത സുരേന്ദ്രന്‍, ഉഷാകുമാരി മാടമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.