രോഗവും രക്ഷയും
സ്തനാർബുദം ചികിത്സിച്ച് ഭേദമാക്കാം.
സ്തനാർബുദം എളുപ്പത്തിൽ തിരിച്ചറിയാവുന്നതാണെന്നറിയാത്തവർ, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവർ, സ്തനാർബുദം തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചറിയാത്തവർ പുതിയ കാലത്ത് വളരെ വിരളമായിരിക്കും. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ, എനിക്ക് വരില്ല എന്ന അമിതവും അടിസ്ഥാന രഹിതവുമായ ആത്മവിശ്വാസം കൈമുതലായുള്ളതിനാലായിരിക്കണം ലക്ഷണങ്ങളെ അവഗണിക്കുകയോ, അനിവാര്യമായ മുൻകരുതലുകൾ സ്വീകരിക്കാതിരിക്കുകയോ ചെയ്യുകയാണ് മഹാഭൂരിപക്ഷം പേരുടേയും ശൈലി. ഇത്തരം അലസതകൾ കൊണ്ട് മാത്രം സംഭവിക്കുന്ന പ്രത്യാഘാതങ്ങളാണ് ചികിത്സാ സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെതിരായ പോരാട്ടത്തിനായാണ് ഓരോ വർഷവും ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികൾ പിങ്ക് ഒക്ടോബർ എന്ന പേരിൽ ലോകമെങ്ങും സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്തനാർബുദം ഇന്ത്യയിൽ
ഇന്ത്യയിൽ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് സ്തനാർബുദം തന്നെയാണ്. ഒരുലക്ഷം സ്ത്രീകളിൽ 25.8 പേർക്ക് ഇന്ത്യയിൽ സ്്തനാർബുദം ബാധിക്കുന്നു എന്നാണ് കണക്ക്. എന്നാൽ ഈ അസുഖം മൂലമുള്ള മരണനിരക്ക് രോഗവ്യാപന തോതിന്റെ ഏതാണ്ട് പകുതി മാത്രമേയുള്ളൂ (12.7). മുകളിൽ പറഞ്ഞത് പോലെ കൃത്യസമയത്ത് രോഗനിർണ്ണയവും ചികിത്സയും നടത്താത്തത് മൂലമാണ് ഇത്രയെങ്കിലും മരണനിരക്ക് കാണപ്പെടുന്നത് എന്ന യാഥാർത്ഥ്യം കൂടി നമ്മൾ ഉൾക്കൊള്ളേണ്ടതായിട്ടുണ്ട്. കേരളത്തിലും സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസർ സ്തനാർബുദം തന്നെയാണ്. എന്നാൽ രോഗവ്യാപന നിരക്ക് ഒരു ലക്ഷം സ്ത്രീകളിൽ 30നും 35നും ഇടയിലാണ്.
കാരണങ്ങൾ എന്തെല്ലാമാണ്?
ഏതെങ്കിലും നിശ്ചിതമായ ഒറ്റക്കാരണം മാത്രം സ്തനാർബുദത്തിലേക്ക് നയിക്കുന്നതായി ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. പലതരത്തിലുള്ള കാരണങ്ങൾ ഇതിന് ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കാൻ സാധിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിൽ തന്നെയാണ്. ഇതിനുള്ള ഒരു പ്രധാന കാരണം സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്.
ജീവിതശൈലിയിലെ വ്യതിയാനം സ്തനാർബുദത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. സ്തനാർബുദം എന്ന് മാത്രമല്ല ഒട്ടുമിക്ക അർബുദ രോഗങ്ങൾക്കും പ്രധാനപ്പെട്ട ഒരു കാരണം കൂടിയാണ് ജീവിത ശൈലിയിലുള്ള വ്യതിയാനം. നിരവധിയായ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വരവോടെ വീട്ടിനുള്ളിലുള്ള ആയാസമുള്ള ജോലികളും മറ്റും കുറയുകയും വ്യായാമമില്ലാതെ വരികയും ചെയ്യുന്നതും, ജംഗ് ഫുഡുകളും കോള ഉൽപ്പന്നങ്ങളും അമിതമായി ഉപയോഗിക്കുന്നതുമെല്ലാം ജീവിത ശൈലിയിലെ മാറ്റങ്ങൾക്ക് ഉദാഹരണമാണ്.
അമിതവണ്ണമുള്ളവരിലും സ്തനാർബുദ സാധ്യത കൂടുതലാണ്. ഇതിന് പുറമെയാണ് മുലയൂട്ടാത്ത അമ്മമാരിൽ സ്തനാർബുദ സാധ്യത കൂടുതലായി കാണുന്നത്. ആർത്തവം നേരത്തെയാവുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവ ഉൾപ്പെടെയുള്ള ആർത്തവ സംബന്ധമായ വ്യതിയാനങ്ങളും സ്തനാർബുദത്തിലേക്ക് നയിക്കുന്നു. അപൂർവ്വമായെങ്കിലും ചിലരിൽ പാരമ്പര്യമായും സ്തനാർബുദം പ്രത്യക്ഷപ്പെടാറുണ്ട്.
ലക്ഷണങ്ങൾ
വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ലക്ഷണങ്ങളാണ് സ്തനാർബുദത്തിൽ കാണപ്പെടുന്നത്. അൽപ്പം ശ്രദ്ധപുലർത്തിയാൽ ഇത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. മുഴകൾ തന്നെയാണ് ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. വേദനയുള്ളതോ ഇല്ലാത്തതോ ആയ മുഴകൾ ശ്രദ്ധയിൽ പെട്ടാൽ ഗൗരവത്തോടെ തന്നെ സമീപിക്കണം. ചിലരിൽ സ്തനങ്ങളിൽ കാണപ്പെടുന്ന കല്ലിപ്പുകളും അർബുദ ലക്ഷണമായിരിക്കാറുണ്ട്. സ്തനങ്ങളിലെ വേദന, തൊലിപ്പുറത്തെ നിറത്തിലുണ്ടാകുന്ന വ്യത്യാസം, മുലഞെട്ട് അകത്തേക്ക് വലിഞ്ഞ് പോവുക, സ്തനത്തിൽ നിന്ന് രക്തസ്രവം ഉണ്ടാവുക, നിറമുള്ളതോ അല്ലാത്തതോ ആയ ദ്രാവകം പുറത്ത് വരിക, കക്ഷത്തിലോ കഴുത്തിലോ മുഴകൾ കാണപ്പെടുക മുലായവയും സ്തനാർബുദ ലക്ഷണങ്ങളാണ്. ലക്ഷണങ്ങളിലേതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ഡോക്ടറെ സന്ദർശിച്ച് ചികിത്സ ആരംഭിക്കണം.
ചികിത്സ
വിവിധങ്ങളായ രോഗനിർണ്ണയ പരിശോധനകളിലൂടെ സ്തനാർബുദമാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ചികിത്സ ആരംഭിക്കണം. രോഗത്തിന്റെ അവസ്ഥ അനുസരിച്ചാണ് ചികിത്സ നിർണ്ണയിക്കപ്പെടുക. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാരണം കൃത്യമായി ചികിത്സിച്ചാൽ ഏറ്റവും ഫലപ്രദമായി ഭേദമാക്കാൻ സാധിക്കുന്ന രോഗമാണ് സ്തനാർബുദം എന്നതാണ്. ഡോക്ടറുടെ നിർദ്ദേശത്തെ കൃത്യമായി പിൻതുടരുക നിർബന്ധമാണ്. ഇടയ്ക്ക് നിർത്തുകയോ മറ്റ് ചികിത്സാ രീതികൾ തേടിപ്പോവുകയോ ചെയ്യുകയും പിന്നീട് തിരിച്ച് വന്ന് ചികിത്സ തുടരുകയും ചെയ്യുന്നത് ഗുണകരമാവുകയില്ല.
സ്തനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറിയ മുഴകളാണെങ്കിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ സാധിക്കും. എന്നാൽ മറ്റ് ശരീര ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കിൽ ചികിത്സ കൂടുതൽ സങ്കീർണ്ണമാകും. ഇത്തരം ഘട്ടത്തിൽ ശസ്ത്രക്രിയയും, ചിലപ്പോൾ അതിനോടൊപ്പമോ മുൻപോ ശേഷമോ റേഡിയോഷൻ, കീമോതെറാപ്പി മുതലായ ചികിത്സകളും ആവശ്യമായി വരും. ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയ ഇല്ലാതെ കീമോതെറാപ്പിയോ റേഡിയേഷനോ മാത്രമായും സ്വീകരിക്കാറുണ്ട്.
ചില സന്ദർഭങ്ങളിൽ സ്തനം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ചികിത്സാ മേഖലയിൽ സംഭവിച്ച പുരോഗതികളുടെ ഭാഗമായി മുൻകാലങ്ങളിൽ നിന്ന് അപേക്ഷിച്ച് സ്തനത്തിന്റെ ആകൃതിയും വലുപ്പവും നിലനിർത്തിക്കൊണ്ട് നിർവ്വഹിക്കാവുന്ന ശസ്ത്രക്രിയാ രീതികൾ നിലവിൽ വന്നിട്ടുണ്ട്. മാത്രമല്ല പ്ലാസ്റ്റിക് സർജറികളുടേയും മറ്റും സഹായത്തോടെ മികച്ച രീതിയിൽ സ്തനത്തിന്റെ ആകൃതി നിലനിർത്താനും സാധിക്കുന്നുണ്ട്.