കഥാപാത്രങ്ങൾക്ക് കൊടുത്തിട്ടുള്ള വ്യക്തമായ സ്പേസാണ് ഗോഡ്ഫാദറിന്റെ മറ്റൊരു പൊസിറ്റീവ് വശം : ഗോഡ്ഫാദറിന്റെ സ്ക്രിപ്റ്റ് ഒരു കൊമേഴ്സ്യൽ പോട്ട് ബോയ്‌ലർ എങ്ങനെയായിരിക്കണം എന്നതിന്റെ ക്ലാസിക്കൽ ഉദാഹരണമാണ് : ജിതേഷ് മംഗലത്ത് എഴുതുന്നു

കഥയാട്ടം

Advertisements
ജിതേഷ് മംഗലത്ത്

മലയാളത്തിലെ എക്കാലത്തെയും ഇന്റലിജന്റായ സ്ക്രിപ്റ്റുകളുടെ ലിസ്റ്റെടുത്താൽ സിദ്ധിഖ്-ലാൽമാരുടെ മൂന്നുനാലു പടങ്ങളെങ്കിലും അതിൽ കാണും.അതിൽത്തന്നെ ഗോഡ്ഫാദറിന്റെ സ്ക്രിപ്റ്റ് ഒരു കൊമേഴ്സ്യൽ പോട്ട് ബോയ്‌ലർ എങ്ങനെയായിരിക്കണം എന്നതിന്റെ ക്ലാസിക്കൽ ഉദാഹരണമാണ്.ചിത്രത്തിലെ ചില കോമഡി സീനുകൾ ഒന്നുകൂടി കാണാമെന്നു കരുതി ഇന്ന് വെറുതെയൊന്നു വെച്ചു നോക്കിയതാണ്.പക്ഷേ സിനിമ തീർന്നേ എണീക്കാൻ തോന്നിയുള്ളൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേക്കിംഗിനും,ഒന്നൊഴിയാതെയുള്ള അഭിനേതാക്കളുടെ സോളിഡ് പെർഫോമൻസിനുമൊപ്പം ഗോഡ്ഫാദറിനെ വാണിജ്യസിനിമയുടെ ഏറ്റവും കരുത്തുറ്റ ഉദാഹരണമായി മാറ്റുന്നത് അതിന്റെ തിരക്കഥാരചനയിൽ അവലംബിച്ചിട്ടുള്ള ബഹുമുഖമായിട്ടുള്ള ഷാർപ്പ്നസ്സാണ്.ഒറ്റനോട്ടത്തിൽ,രണ്ട് കുടുംബങ്ങൾക്കിടയിലെ ഒരു പ്രതികാരകഥയെന്ന് തോന്നിയേക്കാവുന്ന സ്ക്രിപ്റ്റിൽ പല ലെയറുകളിലായി ഒരു വിധത്തിൽപ്പെട്ട ജോണറുകളൊക്കെയും കടന്നുവരുന്നുണ്ട്.റൊമാൻസും,കോമഡിയും,സെന്റിമെന്റ്സും,മാസ് മസാല സീക്വൻസുകളും മാറി മാറി കടന്നു വരുമ്പോഴും അവയോരോന്നിനും അതിന്റെ എക്സ്ട്രീമായ ട്രീറ്റ്മെന്റ് കൊടുക്കാൻ സ്ക്രിപ്റ്റിനാകുന്നുണ്ട്.

ഉദാഹരണത്തിന് “ദേ തള്ളേ,വീട്ടിക്കയറി നിങ്ങടെ മക്കളെ ഈ ബാലരാമൻ വെട്ടും”എന്നു തിലകൻ പറയുന്നിടത്ത് ക്ലാസിക്കൽ ഹീറോയിക്ക് സ്വാഗാണെങ്കിൽ,”എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്”എന്ന് എൻ.എൻ.പിള്ള പറയുന്നിടത്ത് ഓർമ്മയിൽ നിന്നും തിരതല്ലി വരുന്ന അടങ്ങാത്ത വികാര വിക്ഷോഭമാണ്.അതേ സമയം മുകേഷിന്റെയും,ജഗദീഷിന്റെയും ക്യാമ്പസ് രംഗങ്ങൾ സിറ്റ്വേഷണൽ ഹ്യൂമറിന്റെ എക്സിബിഷനാണ്.ഏറ്റവും അതിശയം തോന്നാറുള്ളത് ഇപ്പറഞ്ഞ ഓരോ സെഗ്മെന്റിലും ഗോഡ്ഫാദർ മലയാളത്തിലെ ടോപ് റേറ്റഡ് സിനിമകളിൽ സ്ഥാനം പിടിക്കുന്നുണ്ടല്ലോ എന്ന് തിരിച്ചറിയുമ്പോഴാണ്.

രണ്ട് കുടുംബങ്ങൾക്കിടയിലുള്ള കിടമത്സരത്തിലേക്ക് ഫോക്കസ് ചെയ്യുമ്പോൾ അനുഭവപ്പെട്ടേക്കാവുന്ന ക്ലീഷേകളെ സ്ക്രിപ്റ്റ് കുടഞ്ഞെറിയുന്നത് വൈവിദ്ധ്യമാർന്ന സബ് പ്ലോട്ടുകളിലൂടെയാണ്.അതിനൊപ്പം തന്നെ മിക്ക കാരക്ടറുകൾക്കും നൽകിയിട്ടുള്ള മൾട്ടിഷേഡുകൾ സ്ക്രിപ്റ്റിനെ കൂടുതൽ ആകർഷകമാക്കുന്നു.മറ്റുള്ളവർക്കു മുമ്പിൽ അധൃഷ്യതയുടെ തീജ്വാലയാകുന്ന ബാലരാമൻ അച്ഛന്റെ മുമ്പിൽ അനുസരണയുടെ മഞ്ഞുകട്ടയായി ഉരുകിയൊലിക്കുന്നുണ്ട്.തന്റെ വീട്ടിലേക്ക്,അച്ഛന്റെ സഹായമഭ്യർത്ഥിച്ചു വരുന്ന ആനപ്പാറക്കാരെ ചൂണ്ടുവിരലിനാലും,തീ തുപ്പുന്ന വാക്കുകളാലും വിറപ്പിക്കുന്ന അതേ ബാലരാമൻ, അവരെ കടത്തിവിടാനുള്ള അച്ഛന്റെ കൽപ്പന അനുസരിച്ച് കൈ തലക്കു പിന്നിൽ വെച്ച് വഴിയിൽ നിന്ന് ഇത്തിരി മാറി നിൽക്കുന്ന ഒരു രംഗമുണ്ട് സിനിമയിൽ.ഒരേ വേഷത്തിലെ രണ്ട് കഥാപാത്രങ്ങൾ പോലെ തോന്നുമത്.അഞ്ഞൂറാന്റെ മക്കളോരോരുത്തരും സ്വന്തമായ സ്വത്വം പേറുമ്പോഴും ‘അഞ്ഞൂറാന്റെ മകൻ’ എന്ന അസ്തിത്വം അവരെ വിടാതെ പിന്തുടരുന്നുണ്ട്;ഏറ്റവും വലിയ ഈഗോ പോലെ അവരെ വരിഞ്ഞു മുറുക്കുന്നുമുണ്ട്.തെരുവിൽ പരസ്‌പരം വഴക്കടിക്കുന്ന,തല്ലു കൂടുന്ന അവരെ ശാന്തരാക്കാൻ അഞ്ഞൂറാന്റെ വക്കീൽ ഉപയോഗിക്കുന്ന തന്ത്രം പോലും “അഞ്ഞൂറാന്റെ മക്കൾ വഴക്കു കൂടിക്കോ”എന്ന പ്രകോപനമാണ്.അവനവന്റെ വൈകാരികതകൾക്കു മുകളിൽ പോലും ‘അഞ്ഞൂറാന്റെ മക്കൾ’എന്ന ടാഗിന് അവർ കൊടുക്കുന്ന പ്രാധാന്യം ഗോഡ്ഫാദറിന്റെ സ്ക്രിപ്റ്റിലെ ഏറ്റവും യുണീക്കായ എലമെന്റാണെന്ന് തോന്നാറുണ്ട്.

കഥാപാത്രങ്ങൾക്ക് കൊടുത്തിട്ടുള്ള വ്യക്തമായ സ്പേസാണ് ഗോഡ്ഫാദറിന്റെ മറ്റൊരു പൊസിറ്റീവ് വശം.അതിശയിപ്പിക്കുന്ന തരത്തിലുള്ള വെയ്റ്റ് ബാലൻസിംഗ് സിദ്ധിഖും,ലാലും കഥാപാത്രങ്ങൾക്ക് നൽകിയിട്ടുണ്ട്.ഇന്റർവെല്ലിനടുത്തു മാത്രം രംഗപ്രവേശം ചെയ്യുന്ന ലളിതയുടെ കൊച്ചമ്മിണിടീച്ചർ തന്നെ ഉദാഹരണം.തുടക്കത്തിൽ ഒരു സെഗ്മന്റ് ഫില്ലർ പോലെ മാത്രം തോന്നിപ്പിച്ച ആ കഥാപാത്രം ക്ലൈമാക്സിൽ സീൻ പിടിച്ചടക്കുന്ന വിധം മാതൃകകളില്ലാത്തതാണ്.മുഖവും,തലയും മറച്ചിരുന്ന തുണി മാറ്റി “കൊട്ടെടാ,നീ കെട്ടെടാ”എന്നു കൽപ്പിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ആ കഥാപാത്രം അവരിൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന സകലതിൽ നിന്നും വിടുതൽ നേടുകയാണ്.അവരാ നിമിഷത്തിൽ പിന്നിലേക്ക് തള്ളിമാറ്റുന്നത്,അപ്രസക്തരാക്കുന്നത് ചില്ലറക്കാരെയല്ല.സാക്ഷാൽ അഞ്ഞൂറാനും,അച്ചാമ്മയും,ബാലരാമനും എന്തിനു പറയുന്നു ആ രംഗത്തുള്ള സകലരും നിഷ്പ്രഭരാക്കപ്പെടുന്നുണ്ട് ആ പകർന്നാട്ടത്തിൽ.നിയതമായ ഒരു നായകസങ്കല്പം ഗോഡ്ഫാദറിന്റെ സ്ക്രിപ്റ്റ് പിന്തുടരുന്നേയില്ല.നായികയും,പാട്ടുകളുമുള്ള ടിപ്പിക്കൽ നായകനെന്ന് മുകേഷിനെ തോന്നിക്കാമെങ്കിലും ഹീറോയിക്ക് സ്വാഗ് നൽകപ്പെട്ടിരിക്കുന്നത് തിലകനാണ്.അതേ സമയം താനില്ലാത്ത സീനുകളിൽ പോലും സിനിമയിലെ ഏറ്റവും ശക്തനായ കഥാപാത്രമായി അഞ്ഞൂറാനെ അടയാളപ്പെടുത്തുന്നത് സ്ക്രിപ്റ്റിലെ കൗശലം കൂടിയാണ്.ഇനി ക്ലൈമാക്സ് ഭാഗങ്ങളിലേക്കെത്തുമ്പോൾ ഫിലോമിനയും,ലളിതയും മത്സരിച്ച് രംഗം ‘പിടി’ക്കുന്നതു കാണാം.

പാട്ടുകളുടെ പ്ലേസ്മെന്റാണ് ഗോഡ്ഫാദറിന്റെ മറ്റൊരു പ്രത്യേകതയായി തോന്നിയിട്ടുള്ളത്.തൊട്ടുമുമ്പത്തെ സീനിന്റെ തുടർച്ചയായി പാട്ട് തുടങ്ങുന്നത് അതിശയിപ്പിക്കുന്ന ഫ്ലൂയിഡിറ്റിയോടെയാണ്.ഉദാഹരണത്തിന് “നീർപളുങ്കുകൾ ചിതറിവീഴുമീ”യുടെ പ്ലേസ്മെന്റ് നോക്കുക.തെരുവിൽ വെച്ചു നടന്ന അടിപിടിയ്ക്കു ശേഷം തിലകനും ഭീമൻ രഘുവും ഒരു ഭാഗത്തേക്കും,മുകേഷ് മറുഭാഗത്തേക്കും പോകുമ്പോഴാണ് ശ്രീകുമാറിന്റെ ശബ്ദം ഒഴുകിവീഴാൻ തുടങ്ങുന്നത്.കൈകൾ പിന്നിലേക്കു പിണച്ചു കെട്ടി മാനം നോക്കി അലമുറയിടുന്ന മുകേഷിനെ സൂം ഔട്ട് ചെയ്യുമ്പോൾ പാട്ടിന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ ഉയരുന്നു.അവിടെ ഈ പാട്ടല്ലാതെ മറ്റെന്ത് പ്ലേസ് ചെയ്യാൻ?!ഇമ്മാക്യുലേറ്റ് ടൈമിങ്& പ്ലേസ്മെൻറ്റ്

ഗോഡ്ഫാദർ ഓരോത്തവണ കാണുമ്പോഴും അതിന്റെ സ്ക്രിപ്റ്റിംഗ് പാറ്റേണിലുള്ള ഡിസിപ്ലിനും,നൈതികതയും എന്നെ അൽഭുതപ്പെടുത്താറുണ്ട്.വാണിജ്യസിനിമകളുടെ സ്ക്രിപ്റ്റിംഗിന് ഒരു എപ്പിടോം ഉദാഹരണം നൽകാൻ പറഞ്ഞാൽ സംശയലേശമന്യെ ഞാൻ ഗോഡ്ഫാദറിന്റെ പേരേ പറയൂ.സച്ച് ആൻ എലാൻ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.