കോട്ടയം: നഗരമധ്യത്തിൽ ഓട്ടോഡ്രൈവർക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മർദനം. റെയിൽവേ സ്‌റ്റേഷനു മുന്നിൽ വച്ച് റോഡിനു കുറുകെ ബസിനു മുന്നിൽ നിന്നതായി ആരോപിച്ചാണ് നിറയെ യാത്രക്കാരുമായി എത്തിയ ബസ് ഡ്രൈവർ, ഇറങ്ങി വന്ന് ഓട്ടോ ഡ്രൈവറെ മർദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തെള്ളകം സ്വദേശിയായ ഓട്ടോഡ്രൈവർ സിബി ജോസഫിനെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അക്രമം. റെയിൽവേ സ്‌റ്റേഷനു മുന്നിൽ നിന്നും യാത്രക്കാരനെയുമായി എത്തിയതായിരുന്നു ഓട്ടോറിക്ഷ. റെയിൽവേ സ്‌റ്റേഷനു മുന്നിൽ നിന്നും ഓട്ടോറിക്ഷ മുന്നോട്ട് എടുക്കുന്നതിനിടെ ബസിനു മുന്നിൽ വരികയായിരുന്നു. റെയിൽവേ സറ്റേഷനു മുന്നിൽ നിന്നും ഓട്ടോറിക്ഷ എടുക്കാൻ വൈകിയതിനാൽ തനിക്ക് സമയം പോയതായി ആരോപിച്ച് ബസ് ഡ്രൈവർ ഓട്ടോ ഡ്രൈവറെ അസഭ്യം പറഞ്ഞു. ഇതിനു ശേഷം ഓട്ടോ ഡ്രൈവർ ലോഗോസ് ജംഗ്ഷനിൽ എത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്നാലെ എത്തിയ ബസ് ഡ്രൈവർ ബസ് റോഡിനു നടുവിൽ നിർത്തിയിട്ട ശേഷം ഇറങ്ങി വന്ന ഡ്രൈവർ തന്നെ ആക്രമിക്കുകയായിരുന്നതായി ഓട്ടോ ഡ്രൈവർ പറഞ്ഞു. കരിപ്പൂത്തട്ട് റൂട്ടിൽ സർവീസ് നടത്തുന്ന നീരജ ബസിലെ ഡ്രൈവറാണ് തന്നെ ആക്രമിച്ചതെന്നു ഓട്ടോ ഡ്രൈവർ മൊഴി നൽകി.