കോട്ടയം: പൊലീസുകാരന്റെ മാങ്ങ മോഷണക്കേസിൽ എല്ലാം ഒത്തു തീർപ്പാക്കിയത് സമുദായത്തിന്റെ ഇടപെടലോടെ. ഒരേ സമുദായത്തിൽപ്പെട്ടവരായതിനാലും, ഒരു ആരാധനാലയത്തിൽ ഒത്തു ചേരുന്നവരായതിനാലും സമുദായത്തിലെ ചില പ്രമാണിമാരുടെ ഇടപെടലിനെ തുടർന്നാണ് കേസ്് ഒത്തു തീർപ്പിലേയ്ക്കു നീങ്ങുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. പൊലീസ് സേനയ്ക്കാതെ അപമാനമായ മാങ്ങാക്കങ്ങനെ എങ്ങിനെയെങ്കിലും പിടികൂടാൻ ശ്രമിക്കുമ്പോഴാണ് മോഷണക്കേസ് പോലും ഒത്തു തീർപ്പാക്കാൻ അവിഹിതമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്. വിഷയം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായതോടെയാണ് ഇപ്പോൾ ഇരു വിഭാഗങ്ങൾ തമ്മിൽ ഒത്തു തീർപ്പായതെന്നാണ് സൂചന.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടിയ്ക്കു ശേഷം മടങ്ങുന്നതിനിടെ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ പി.ബി ഷിഹാബിനെതിരെയാണ് മാങ്ങാ മോഷണക്കേസിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറുനൂറ് രൂപ വില വരുന്ന പത്ത് കിലോ മാങ്ങാ മോഷ്ടിച്ചതായാണ് പൊലീസ് കേസ്. സംഭവത്തിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതേ തുടർന്ന് പ്രതിയെ പൊലീസ് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് ഇദ്ദേഹത്തെ രക്ഷിക്കാൻ ഇടപെടൽ ഉണ്ടായതെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാഴ്ചയിലേറെയായി ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിയിട്ടും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്നാണ് ഇയാൾ ഒത്തു തീർപ്പ് ശ്രമം ആരംഭിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഈ പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടവർ മാങ്ങാ മോഷണം പോയ കടയുടമയെ ബന്ധപ്പെടുകയും ഒത്തു തീർപ്പിന് നീക്കം നടത്തുകയുമായിരുന്നു. തുടർന്നാണ് ഇയാൾ കേസിൽ പരാതിയില്ലെന്ന് കോടതിയിൽ അപേക്ഷ നൽകിയത്. കേസ് ക്വാഷ് ചെയ്യണമെന്ന ആവശ്യവുമായി കട ഉടമ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കേസിൽ കോടതി പൊലീസ് വാദം കേട്ടത്.
എന്നാൽ, പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കുറ്റകൃത്യമായതിനാൽ തന്നെ കേസ് ഒഴിവാക്കാനാവില്ലെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് നിലപാട് സ്വീകരിച്ചു. ഇതേ തുടർന്ന് പൊലീസിന്റെയും കട ഉടമയുടെയും വാദം കേൾക്കുന്നതിനായി കേസ് മാറ്റി വച്ചു. എന്നാൽ, മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഉയർന്ന കോടതിയിലും, ഹൈക്കോടതിയിലും സമീപിക്കുമെന്ന സൂചനയാണ് കട ഉടമ നൽകുന്നത്.