വൈക്കം: വൈക്കം കുലശേഖരമംഗലത്ത് തടി ഉൽപന്നങ്ങൾ നിർമ്മിക്കുന്ന വർക്ക് ഷോപ്പും കയർമാറ്റ്, ചവിട്ടി അടക്കമുള്ള കയർ സൂക്ഷിച്ചിരുന്ന സംഭരണശാലയും കത്തി നശിച്ചു. കുലശേഖരമംഗലം വാഴക്കാലയിൽ രാജേഷ്, ബന്ധുവായ സതീഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള എ എം ട്രേഡേഴ്സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഒരു ഭിത്തിയുടെ ഇരുപുറവുമാണ് ഇരു സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നത്. തീ പിടുത്തത്തെ തുടർന്ന് ഇരു സ്ഥാപനങ്ങളിലേയും ഉൽപന്നങ്ങൾ പൂർണമായി കത്തി നശിച്ചു. വർക്ക് ഷോപ്പിനോട് ചേർന്ന് രാജേഷിന്റേയും സഹോദരൻ സുധീഷിന്റേയും വീടുകളുണ്ട്.
പകൽ തീ പിടുത്തമുണ്ടായതിനാൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ കഴിഞ്ഞതിനാൽ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ഇന്ന് രാവിലെ 7.30 ഓടെ കെട്ടിടത്തിനുള്ളിൽ നിന്ന് തീയും പുകയുമുയരുന്നത് കണ്ട് ഉടൻ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു വൈക്കം, കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിൽ നിന്ന് ഫയർ ഫോഴ്സെത്തി ഒന്നര മണിക്കൂറോളം അക്ഷീണം യത്നിച്ചാണ് തീ അണച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളാണിവ. ബാങ്ക് വായ്പയെടുത്ത് ബന്ധുക്കളായ രാജേഷും സതീഷും ചെറിയ തോതിൽ തുടങ്ങിയ തടി വർക്ക് ഷോപ്പും കയർ ഉൽപന്ന ഷോറുമും യുവാക്കളുടെ കഠിനാദ്ധ്വാനത്താൽ പ്രതിസന്ധികളെ അതിജീവിച്ച് പച്ചപിടിച്ച് വന്നപ്പോഴാണ് തീ പിടുത്തമുണ്ടായി സകലതും ചാമ്പലായത്.