മുടിയുടെ ആരോഗ്യകാര്യങ്ങൾ സൂചിപ്പിക്കുമ്പോൾ സ്കാൽപിൻറെ ആരോഗ്യത്തെ കുറിച്ചും സൂചിപ്പിക്കാതിരിക്കാനാവില്ല. മുടിയുടെ എണ്ണമയം- അല്ലെങ്കിൽ ഡ്രൈനെസ് പോലെ തന്നെ പ്രധാനമാണ് സ്കാൽപിലെ എണ്ണമയവും വരൾച്ചയുമെല്ലാം.
തലയിൽ എപ്പോഴും എണ്ണമയം കൂടുതലാണെന്ന് തോന്നുന്നുവെങ്കിൽ ഇത് പരിഹരിക്കേണ്ടതുണ്ട്. മുടിയിൽ എണ്ണമയം കൂടുമ്പോൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ തന്നെയാകണമെന്നില്ല സ്കാൽപിന് വേണ്ടി ചെയ്യുന്നത്. എന്തായാലും സ്കാൽപിൽ എണ്ണമയം കൂടുതലാണെങ്കിൽ അത് പരിഹരിക്കാൻ ചെയ്യാവുന്ന ഏറ്റവും ലളിതമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1) തല കഴുകുമ്പോൾ നല്ലരീതിയിൽ തന്നെ കഴുകണം. അല്ലാത്ത പക്ഷം സ്കാൽപിൽ എപ്പോഴും കൂടുതൽ എണ്ണമയം കാണാം. രോമകൂപങ്ങളിലൂടെ ഗ്രന്ഥിയിൽ നിന്ന് പുറപ്പെടുന്ന എണ്ണമയം തല നല്ലതുപോലെ കഴുകയില്ലെങ്കിൽ അധികമായി കിടക്കും. ഇതിനാലാണ് തല കഴുകുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്നത്.
2) തലമുടി ചീകുന്ന ചീപ്പ് എപ്പോഴും വൃത്തിയായിരിക്കണം. എണ്ണ പുരട്ടിയ ശേഷം ചീകാറുണ്ടെങ്കിൽ ചീപ്പ് പെട്ടെന്ന് തന്നെ വൃത്തിയാക്കി വയ്ക്കണം. അല്ലെങ്കിൽ ഇതേ ചീപ്പ് പലവട്ടം ഉപയോഗിക്കുമ്പോൾ തലയിൽ അഴുക്ക് അടിയാനും ബാക്ടീരിയൽ ബാധയുണ്ടാകാനുമെല്ലാം സാധ്യത കൂടുതലാണ്. ഇവയെല്ലാം തലയിൽ എണ്ണമയം കൂട്ടുന്നതിന് കാരണമാകും.
3) തലയിൽ എണ്ണമയം കൂടുതലാണെന്ന് തോന്നുന്നുവെങ്കിൽ ഹീറ്റ് സ്റ്റൈലിംഗ് വേണ്ടെന്ന് വയ്ക്കണം. ചൂടുവച്ചല്ലാത്ത സ്റ്റൈലിംഗ് ചെയ്യാവുന്നതാണ്. ഇനി ഹീറ്റ് സ്റ്റൈലിംഗ് ചെയ്തേ പറ്റൂ എന്ന സന്ദർഭങ്ങളിലാണെങ്കിൽ ഇതിന് മുമ്പായി അൽപം ഹാറ്റ് പ്രൊട്ടക്റ്റൻറ് സ്പ്രേ അപ്ലൈ ചെയ്യാം.
4) തലയിൽ എണ്ണമയം കൂടുന്നത് കുറയ്ക്കാൻ ഇടയ്ക്ക് മുട്ടയുടെ മഞ്ഞക്കരു തേക്കാവുന്നതാണ്. ഇത് നേരിട്ട് സ്കാൽപിൽ തേച്ചുപിടിപ്പിച്ച് പത്തുമിനുറ്റ് വയ്ക്കണം. ശേഷം ഷാമ്പൂ ഉപയോഗിച്ച് നല്ലതുപോലെ കഴുകിക്കളയാം. മുട്ട തേക്കുമ്പോൾ മുടി കഴുകുമ്പോൾ നല്ലവണ്ണം വൃത്തിയാകുന്നുണ്ടെന്ന് ഉറപ്പിക്കണേ, അല്ലെങ്കിൽ ദുർഗന്ധവുമുണ്ടാകാം, കൂട്ടത്തിൽ എണ്ണമയം പോകാതെയും ഇരിക്കാം.
5) എണ്ണമയം കുറയ്ക്കാനും കണ്ടീഷ്ണർ ഉപയോഗിക്കുന്നവരുണ്ട്. തലയിൽ എണ്ണമയം കുറയ്ക്കാൻ ഒരിക്കലും കണ്ടീഷ്ണർ പ്രയോജനപ്പെടില്ല. എന്നുമാത്രമല്ല- സ്കാൽപിൽ ഒരുകാരണവശാലും കണ്ടീഷ്ണർ ഉപയോഗിക്കരുത്. ഇത് മുടി കൊഴിച്ചിലിനും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിനും സ്കാൽപിൽ അധിക എണ്ണമയമാകുന്നതിനുമെല്ലാം ഇടയാക്കും.
6) തലയിലെ എണ്ണമയം കുറയ്ക്കുന്നതിന് ടീ ട്രീ ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആൻറി- ബാക്ടീരിയൽ ഘടകങ്ങൾ സ്കാൽപ് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുകയും ഇതുവഴി എണ്ണമയം കുറയ്ക്കുകയും ചെയ്യുന്നു.
7) ഇടയ്ക്കിടെ തലയിൽ വിരലുകൾ കൊണ്ട് മസാജ് ചെയ്യുന്നത് പോലെ ചെയ്യുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ ശീലവും ഉപേക്ഷിക്കണം. എണ്ണമയം കൂടുതലായവരിൽ ഇടയ്ക്കിടെ ഇത്തരത്തിൽ ചെയ്യുന്നത് കൂടുതൽ എണ്ണമയമുണ്ടാകാൻ ഇടയാക്കും.