കോട്ടയം : കേരളത്തിലെ ഗവർണർ ആക്ടിവിസം സംസ്ഥാനത്ത് ഭരണ സ്തംഭനത്തിന് കാരണമാവുകയാണെന്നു തോമസ് ചാഴികാടൻ എം പി പറഞ്ഞു. ജനാധിപത്യ മാർഗത്തിലൂടെ ഭരണഘടനാപരമായി അധികാരത്തിൽവന്ന സർക്കാരിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി ഗവർണർ തീരുമാനങ്ങളെടുക്കുന്നത് ശരിയായ കാര്യമല്ലെന്ന് തോമസ് ചാഴികാടൻ എം.പി അഭിപ്രായപ്പെട്ടു.
ഭരണ തലവൻ എന്ന നിലയിൽ ഗവർണർക്ക് ഒരുപാട് അധികാരങ്ങൾ ഉണ്ടെങ്കിലും ജനങ്ങളെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെയും അവഗണിക്കുന്ന ഗവർണറുടെ നടപടികളെക്കുറിച്ച് ഗവർണർ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും തോമസ് ചാഴികാടൻ എം.പി സ്റ്റാർവിഷനോട് പറഞ്ഞു. കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാരെ ഒറ്റയടിക്ക് പിരിച്ചുവിടാനുള്ള ഗവർണറുടെ നടപടികൾ ജുഡീഷ്യൽ ആക്ടിവിസം പോലെതന്നെ ഗവർണർ ആക്ടിവിസം ആയി മാറുന്ന സാഹചര്യമാണെന്നും തോമസ് ചാഴികാടൻ ചൂണ്ടിക്കാട്ടി.