ആലപ്പുഴ: പഠിക്കാനുള്ള പണം കണ്ടെത്താന്‍ സ്വന്തം സ്കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന പ്ലസ്ടു വിദ്യാര്‍ഥിനി വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. വിനിഷയെ കുറിച്ച് വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കളക്ടറുടെ ഇടപെടൽ. വാടക വീട്ടില്‍ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന് പദ്ധതിയില്‍ വീട് നല്‍കുന്നതിന് നടപടിയെടുക്കാമെന്നും ജില്ലാ കളക്ടര്‍ ഉറപ്പ് നല്കി. കഴിഞ്ഞ ബുധനാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ വിനിഷയുടെ കഥ പുറംലോകം അറിഞ്ഞത്.വാടക വീട്ടില്‍ താമസിച്ചിരുന്ന വിനിഷയ്ക്ക് കുട്ടിക്കാലം മുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കഥയാണ് പറയാനുള്ളത്. പഠനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടായതോടെയാണ് താന്‍ പഠിക്കുന്ന കണിച്ചുകുളങ്ങരയിലെ ഹയര്‍ സെക്കന്ററി സ്കൂളിനെ മുന്നില്‍ ഉന്തുവണ്ടിയില്‍ കപ്പലണ്ടി കച്ചവടം തുടങ്ങിയത്. വൈകിട്ട് ക്ലാസ് വീട്ടാല്‍ യൂണിഫോമില്‍ തന്നെയായിരുന്നു വിനിഷയുടെ കടല വില്‍പ്പന.വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ, വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി. വിനിഷയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി, പണമില്ലെന്ന കാരണത്താല്‍ ഒരുകാരണവശാലും പഠനം മുടക്കരുതെന്ന് കളക്ടര്‍ ഉപദേശം നല്കി. ഒപ്പം വിദ്യാഭാസ ചെലവിനായി ചെക്കും നല്കി. വിനിഷയുടെ പഠനം മുടങ്ങില്ലെന്നും വിദ്യാഭ്യാസത്തിനായുള്ള എല്ലാ സഹായവും നല്‍കുമെന്നും കൃഷ്ണ തേജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കളക്ടറുമായി സംസാരിച്ചതോടെ ആത്മവിശ്വാസം കൂടിയെന്ന് വിനിഷ പറയുന്നു. ഒരുതുണ്ട് ഭൂമി പോലും ഇല്ലാത്ത വിനിഷയും കുടുംബവും വാടകവീട്ടിലാണ് വര്‍ഷങ്ങളായി താമസം. ഇക്കാര്യം വിനിഷയുടെ അമ്മ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് ലൈഫ് മിഷന് പദ്ധതി വഴി വിനിഷയ്ക്കും കുടുംബത്തിനും വീട് വെയ്ക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് കൃഷ്ണ തേജ ഉറപ്പ് നല്‍കിയത്. അച്ഛന് കൂലിപ്പണിക്കാരനാണ്. വിനിഷയുടെ. അമ്മ പാര്‍വതിയും കപ്പലണ്ടി വിൽപ്പനക്കാരിയാണ്. അധികം നേരം നിന്നാല്‍ കാല് വേദനകൊണ്ടു പുളയുന്ന അമ്മക്ക് സഹായമായി തുടങ്ങിയതാണ് വിനിഷ കപ്പലണ്ടി കച്ചവടം. കൂലിപ്പണിക്കാരനാണ് അച്ഛന്.