കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പിനെതിരെ ഹൈക്കോടതി. ചടങ്ങിനെ കോടതി വിളക്ക് എന്നു വിളിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
കോടതി വിളക്ക് ചടങ്ങിൽ ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും ഇനിമുതൽ പങ്കെടുക്കരുത്.
നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യൽ ഓഫിസർമാർ പങ്കെടുക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മതേതര സ്ഥാപനമെന്ന നിലയിൽ ഒരു മതത്തിന്റെ മാത്രം പരിപാടിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാകില്ല. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ അഭിഭാഷകരും ജഡ്ജിമാരും ചടങ്ങിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും.
പരിപാടിയുടെ ഭാഗമാകരുതെന്നും സംഘാടനത്തിൽ പങ്കെടുക്കരുതെന്നും അഭിഭാഷകർക്ക് നിർദേശം നൽകണമെന്നും അതിൽ നിന്ന് അവരെ വിലക്കണമെന്നും ആവശ്യപ്പെട്ട് കോടതി തൃശൂർ ജില്ലാ ജഡ്ജിക്ക് കത്തയച്ചു.
ചടങ്ങിൽ ബാർ കൗൺസിൽ ഉൾപ്പെടെ പങ്കെടുക്കുന്ന സാഹചര്യമുണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ല. ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടീഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ടാണ് കോടതി വിളക്കെന്ന ചടങ്ങ് വർഷങ്ങളായി നടന്നുവരുന്നത്. ഈ ചടങ്ങിൽ ജില്ലാ ജഡ്ജിമാരും അഭിഭാഷകരും ഉൾപ്പെടെ പങ്കെടുത്തിരുന്നു. അത്തരമൊരു ആചാരം വേണ്ടെന്നാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
ക്ഷേത്രം ഭാരവാഹികൾക്കൊപ്പം ചേർന്ന് ഈ ചടങ്ങ് നടത്തുന്നത് ഡിസംബറിലാണ്.
അതിനാൽ അടിയന്തരമായി ഉത്തരവ് അഭിഭാഷകരിലേക്ക് എത്തിക്കണം എന്നും ഹൈക്കോടതി കത്തിൽ ആവശ്യപ്പെടുന്നു.