കോട്ടയം: കളക്ടറേറ്റ് വളപ്പിലെ അഡീഷണൽ മുൻസിഫിൻ്റെ കോടതിയിൽ മുൻസിഫിൻ്റെ കസേരയിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ കയറിയിരുന്നു. ശനിയാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം. കളക്ടറേറ്റിൽ മൂന്നാം കോടതിയുടെ സമീപത്തായാണ് മുൻസിഫ് കോടതി പ്രവർത്തിക്കുന്നത്. വിവിധ സർക്കാർ ഓഫിസുകളിൽ പരാതിയുമായി കയറിയിറങ്ങി നടക്കുന്ന സ്ത്രീയാണ് ഇത്തരത്തിൽ മുൻസിഫ് കോടതിയിൽ മുൻസിഫിൻ്റെ കസേരയിൽ കയറിയിരുന്നത്.
സാധാരണ ദിവസങ്ങളിൽ രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിക്കുന്നത്. മുൻസിഫ് എത്തും മുൻപ് തന്നെ വിവരം അറഞ്ഞ് സ്ഥലത്ത് എത്തിയ പിങ്ക് പൊലീസ് സംഘം സ്ത്രീയെ ഇരിപ്പിടയത്തിൽ നിന്നും മാറ്റി. തുടർന്ന് ഇവരെ വനിതാ സെല്ലിൽ എത്തിച്ചു. ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം മതിയായ ചികിത്സ നൽകണമെന്നു നിർദേശിച്ചു ഇവരെ മടക്കി.