കാണുന്ന ഭംഗി പോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് എന്നാൽ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ധാരാളം വിറ്റമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ഇവയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിൻ സി, എ, ബി 6, നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നതിൻറെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1) ബീറ്റ്റൂട്ടിൽ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാൽ ഇവ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താം. ഇവയിൽ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
2) പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതും ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇവ സഹായിക്കും.
3) കരളിൻറെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് കഴിക്കാം. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീറ്റി റിപ്പോർട്ട് ചെയ്തത് ബീറ്റ്റൂട്ട് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്സിഡന്റ് സമ്മർദം കുറയ്ക്കുന്നതിനും സഹായിക്കും എന്നാണ്.
4) ബീറ്റ്റൂട്ട് അയേണിന്റെ മികച്ച സ്രോതസ്സാണ്. അതിനാൽ വിളർച്ച അഥവാ അനീമിയ തടയാൻ ബീറ്റ്റൂട്ട് പതിവായി കഴിക്കാം.
5) ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ സഹായിക്കും.
6) ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറേ സഹായിക്കും. വിറ്റാമിൻ സി പോലെ ചർമ്മ സംരക്ഷണത്തിന് അത്യാവശ്യമായ പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ബീറ്റ്റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ചർമ്മത്തിന് ഏറെ നല്ലതാണ്. മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, കരുവാളിപ്പ് തുടങ്ങിയവ അകറ്റാനും ചർമ്മം തിളങ്ങാനും, നിറം വയ്ക്കാനും ബീറ്റ്റൂട്ട് കൊണ്ടുളള ഫേസ് പാക്കുകളും ഉപയോഗിക്കാം.
7) കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും ബീറ്റ്റൂട്ട് സഹായിക്കും. ഇതിനായി ആവശ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാൻ സഹായിക്കും.
8) ചുണ്ടുകൾക്ക് നിറം വയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും. ഇതിനായി ബീറ്റ്റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടിൽ ഉരസുക. ചുണ്ടുകൾക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ഇത് സഹായിക്കും. ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതിൽ പഞ്ചസാര പുരട്ടി ചുണ്ടിൽ ഉരയ്ക്കുന്നതും ഫലം നൽകും.