കോട്ടയം: പൊലീസിനെതിരായ വാർത്തയ്ക്ക് റീച്ച് കിട്ടുമെന്നു കരുതി എന്തും വച്ച് താങ്ങരുത് മാധ്യമങ്ങളെ.. പറയുന്നത് മറ്റാരുമല്ല പാമ്പാടിയിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരാണ്. വസ്തു തർക്കം സംബന്ധിച്ചുള്ള പരാതിയിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട്, ഭർത്താവിനൊപ്പം സ്റ്റേഷനിൽ മൊഴി നൽകാൻ എത്തിയ വീട്ടമ്മ സ്റ്റേഷനിൽ കുഴഞ്ഞു വീണ സംഭവം പൊലീസിനെതിരെ തിരിച്ചു വിടാനാണ് ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങൾ ശ്രമിക്കുന്നത്. വിഷയത്തിൽ കേസെടുക്കുകയും, വീട്ടമ്മയെ കൃത്യമായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിട്ടും പൊലീസിനെ കടന്നാക്രമിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങൾ. വിഷയം എന്താണ് എന്ന് അന്വേഷിക്കാൻ പോലും തയ്യാറാകാതെയാണ് ചില മാധ്യമങ്ങൾ കേട്ടത് വച്ച് വാർത്ത തട്ടിയിരിക്കുന്നത്.
സംഭവത്തിൽ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. പാമ്പാടി സ്വദേശിയായ വീട്ടമ്മയും ഭർത്താവും ഒന്നിച്ചാണ് പാമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയത്. അയൽവാസികളുമായുള്ള അതിർത്തി തർക്കത്തിൽ കേസെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കേസെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇവരുടെ ഭർത്താവിനെ സ്റ്റേഷനുള്ളിൽ വിളിച്ചിരുത്തി മൊഴിയെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇവർ കുഴഞ്ഞ് വീണത്. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഇവരെ പൊലീസ് ജീപ്പിൽ ആദ്യം താലൂക്ക് ആശുപത്രിയിലും , പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. മറിച്ചുള്ള ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നും കൃത്യ സമയത്ത് തന്നെ പൊലീസ് സംഘം നടപടിയെടുത്തതായും പാമ്പാടി സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത്കുമാർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ചില ഓൺലൈൻ മാധ്യമങ്ങൾ വീഡിയോ കയ്യിൽ കിട്ടിയതിനു പിന്നാലെ പൊടിപ്പും തൊങ്ങലും ചേർത്ത് കയ്യിൽ കിട്ടിയതിൽ അൽപം മസാല പുരട്ടി വാർത്ത പടച്ചുണ്ടാക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം എന്തെന്ന് അന്വേഷിക്കുന്നതിനുള്ള സാമാന്യ മര്യാദ പോലും ഇവർ കാട്ടിയില്ല. ഇത്തരം സംഭവങ്ങളുടെ പേരിൽ പൊലീസിനെ അടച്ചാക്ഷേപിക്കുന്നത് പൊലീസ് സേനയുടെ ആത്മവീര്യം തകർക്കുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.