ആലപ്പുഴ : പ്ലസ്ടു കഴിഞ്ഞ് പഠനം വഴിമുട്ടിനിന്ന ആലപ്പുഴ സ്വദേശിനിയായ വിദ്യാർഥിനിയുടെ തുടർന്നു പഠിക്കണമെന്ന ആഗ്രഹത്തിനു താങ്ങായി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. പഠനച്ചെലവ് കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ആലപ്പുഴ സ്വദേശിനി ജില്ലാ കലക്ടർ വി. ആർ. കൃഷ്ണ തേജയെ കണ്ടത്. വിദ്യാര്‍ത്ഥിനിക്ക് നഴ്സിംഗ് പഠനത്തിനായുള്ള പണം വീ ആർ ഫോർ ആലപ്പി പദ്ധതിയിലൂടെയാണ് അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്. ഇതിനായി കളക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ വിഷയം അല്ലു അര്ജുന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പഠനം വഴിമുട്ടിനിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാർഥിനിയുടെ നഴ്സിങ് പഠനത്തിന്റെ മുഴുവൻ ചെലവും വീ ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി അല്ലു അർജുൻ ഏറ്റെടുത്തു.
പ്ലസ്ടു 92% മാർക്കോടെ വിജയിച്ചിട്ടും തുടർന്നു പഠിക്കാൻ വഴിയില്ലെന്ന സങ്കടവുമായാണ് കുട്ടി മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണ്ടത്. കുട്ടിയുടെ പിതാവ് കഴിഞ്ഞവർഷം കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. നഴ്സാകാനാണ് ആഗ്രഹമെന്നു കുട്ടി പറഞ്ഞെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടർന്ന് മാനേജ്മെന്റ് സീറ്റിൽ തുടർപഠനം ഉറപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജിൽ സീറ്റ് ലഭിച്ചതോടെയാണ് ഒരു സ്പോൺസറെ കണ്ടെത്താൻ ശ്രമം തുടങ്ങിയത്. തുടർന്നാണ് നടൻ അല്ലു അർജുനെ വിളിച്ച് കലക്ടർ പഠനച്ചെലവ് ഏറ്റെടുക്കണമെന്ന് അഭ്യർഥിച്ചത്. 4 വർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള മുഴുവൻ ചെലവും അല്ലു അർജുൻ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം കലക്ടർ എത്തിയാണ് കുട്ടിയെ കോളജിൽ ചേർത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാൻ അന്ന് സബ് കലക്ടറായിരുന്ന വി. ആർ. കൃഷ്ണ തേജ തുടങ്ങിയതാണ് ഐ ആം ഫോർ ആലപ്പി പദ്ധതി. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് സഹായമെത്തിയിരുന്നു. അന്ന് കുട്ടനാട്ടിലെ 10 അങ്കണവാടികൾ അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. ഐ ആം ഫോർ ആലപ്പി പദ്ധതിയുടെ പുതുക്കിയ പദ്ധതിയാണ് വീ ആർ ഫോർ ആലപ്പി. കൊവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.