എടത്വ: എടത്വ പോസ്റ്റ് ഓഫീസ് കെട്ടിടം യാഥാർത്ഥ്യമാകുന്നു.2018 ലെ പ്രളയത്തിൽ പൂർണ്ണമായും നാശനഷ്ടം നേരിട്ട എടത്വ പോസ്റ്റ് ഓഫീസ് കെട്ടിടം പുനർനിർമ്മിക്കാൻ നടപടികൾ ആരംഭിച്ചു.നിലവിലുള്ള കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് തയ്യാറാക്കി നിർമ്മാണ നടപടികൾ ആരംഭിച്ചു.650 ചതുരശ്ര അടിയിൽ ഒറ്റനില കെട്ടിടം നിർമ്മിക്കുന്നതിനായി 75 ലക്ഷം രൂപ കേന്ദ്ര പോസ്റ്റൽ ഡയറക്റ്ററേറ്റ് ആണ് അനുവദിച്ചത്.
വെള്ളപ്പൊക്കമോ, പേമാരിയോ ഉണ്ടായാൽ പോലും ബാധിക്കാത്ത തരത്തിൽ 12 തൂണുകളിലായി റോഡ് നിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിലാണ് കെട്ടിടം പണിയുന്നത്. 16 സെന്റ് സ്ഥലമാണ് പോസ്റ്റ് ഓഫീസിനുള്ളത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോട് കൂടി എടത്വ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ നിലവിൽ വരും. 7 ജീവനക്കാരും, 10 ആർ.ഡി. ഏജന്റുമാരും ഉള്ള എടത്വ പോസ്റ്റ് ഓഫീസിൽ എത്തുന്ന കസ്റ്റമേഴ്സിന് വേണ്ട സൗകര്യങ്ങൾ ഒരുക്കും.എടത്വ പോസ്റ്റ് ഓഫീസ് പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആയിരിക്കുമെന്നും കൊടികുന്നിൽ സുരേഷ് എം.പി.പറഞ്ഞു.എം.പിയോടൊപ്പം കേരള സർക്കിൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ അമിത്, അസിസ്റ്റന്റ് എഞ്ചിനീയർ സുനിത, ജോയിന്റ് എഞ്ചിനീയർ നിത്യ, സിവിൽ എഞ്ചിനീയർ ജുനൈദ് നൗഷാദ് ,പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ് എന്നിവരും ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എടത്വ പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് 2018 സെപ്റ്റംബർ 10 മുതൽ എടത്വ വികസന സമിതി രംഗത്തുണ്ടായിരുന്നു. തുക അനുവദിച്ചിട്ടും നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിലേക്ക് കത്തയയ്ക്കൽ യജ്ഞം നടത്തുകയും ചെയ്തു. കൂടാതെ തിരുവല്ല പോസ്റ്റൽ ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുകയും 2022 നവംബർ മാസത്തിൽ കെട്ടിട നിർമ്മാണം ആരംഭിക്കുമെന്ന് തിരുവല്ല ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ട് ലത ഡി.നായർ സമിതി ഭാരവാഹികൾക്ക് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു.
ഡി സി സി വൈസ് പ്രസിഡന്റ് സജി ജോസഫ്,ബ്ലോക്ക് പ്രസിഡന്റ് വി.കെ. സേവ്യർ, അൽഫോൻസ് ആന്റണി, വിശ്വൻ വെട്ടത്തിൽ, ആന്റണി കണ്ണംകുളം, ജോർജ്കുട്ടി മുണ്ടകത്തിൽ, മോഡി തോമസ്, ജോളി ലൂക്കോസ്, മനോജ് മാത്യു, സാജൻ തൈശ്ശേരിൽ, നോബിൾ കളപ്പുരക്കൽ എന്നിവരും എം.പിയോടൊപ്പം സ്ഥലം സന്ദർശിച്ചു.