കോട്ടയം : അപകട സ്ഥലത്ത് എത്തി ആദ്യ നിമിഷം തന്നെ മണ്ണ് മാറ്റാൻ അഗ്നിരക്ഷാസേന കാണിച്ച ജാഗ്രത രക്ഷിച്ചത് ഒരു ജീവൻ. മണ്ണിൽ അടയിൽ പൊതിഞ്ഞു പോകുമായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി സുശാന്തിന്റെ (23) ജീവൻ രക്ഷിച്ചത് അഗ്നി രക്ഷാ സംഘത്തിന്റെ ജാഗ്രതയാണ്. സുശാന്തിന്റെ മുഖത്തേക്ക് വീണ മണ്ണ് ആദ്യ സെക്കൻഡിൽ തന്നെ നീക്കം ചെയ്തതോടെയാണ് അദ്ദേഹത്തിന് ശ്വാസം നഷ്ടമാകാതിരുന്നതും ജീവൻ രക്ഷപ്പെട്ടതും. കോട്ടയം അഗ്നിരക്ഷാസേന ഫയർ ഓഫീസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ സജീവമായി ഇടപെട്ടത്.
രാവിലെ 9 മണിയോടുകൂടിയാണ് മറിയപ്പള്ളി കാവനാൽക്കടവിൽ ജിഷോർ കെ.ഗോപാലിന്റെ വീടിന്റെ മതിൽ ഇടിഞ്ഞ് വീണത്. മുൻ നഗരസഭാംഗമായ കിഷോർ കെ ഗോപാൽ ഉടൻതന്നെ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി ആണ് ജെസിബി വിവരമറിയിച്ച് വിളിച്ചു വരുത്തിയത്. ഈ സമയത്തിനുള്ളിൽ അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് ആദ്യം സുശാന്തിന്റെ മുഖത്തെ മണ്ണ് മാറ്റി. ഇതാണ് സുശാന്തിന്റെ ജീവൻ നിലനിർത്താൻ സഹായകമായത്. തുടർന്ന് ജെസിബി വിളിച്ചുവരുത്തിയ ശേഷം ഇയാൾ കിടക്കുന്ന കുഴിക്ക് സമാന്തരമായി മണ്ണ് നീക്കം ചെയ്തു. മാളൂട്ടി സിനിമയിൽ കുഴൽ കിണറിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ നടത്തിയ നീക്കത്തിന് സമാനമായ നീക്കമാണ് ഇവിടെയും നടന്നത്. തുടർന്ന് ഓരോഘട്ടമായി മണ്ണ് നീക്കം ചെയ്ത് മണ്ണ് കൈ ഉപയോഗിച്ച് വലിച്ചു മാറ്റിയാണ് കുഴിയിൽ നിന്നും സുശാന്തിനെ പുറത്തെടുത്തത്. രണ്ടുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ , അസി. സ്റ്റേഷൻ ഓഫിസർ വി.സാബു , ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.ടി സലി , കെ.ബി റെജിമോൻ , നോബിൾ കുട്ടൻ , ഫയർ ഓഫിസർമാരായ നിജിൽ കുമാർ , ഡിനായേൽ , അജയകുമാർ , ഡ്രൈവർമാരായ ജോടി പി.ജോസഫ് , സണ്ണി ജോർജ് , അനീഷ് ശങ്കർ എന്നിവർ നേതൃത്വം നൽകി.