കോട്ടയം: അഭയക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഫാ.തോമസ് കോട്ടൂരിന്റെ പെൻഷൻ തടഞ്ഞ തീരുമാനം ശരിവച്ച് ധനാകാര്യ വകുപ്പ്. പെൻഷൻ പുനസ്ഥാപിച്ചു നൽകണമെന്നാവശ്യപ്പെട്ട് അധ്യാപകനായിരുന്ന ഫാ.തോമസ് കോട്ടൂർ നൽകിയ അപേക്ഷയാണ് ഇപ്പോൾ ധനകാര്യമന്ത്രിയുടെ ശുപാർശയോടെ ധനവകുപ്പ് തള്ളിയത്. കോട്ടയം പയസ് ടെൻത് കോൺവെന്റിനുള്ളിൽ സിസ്റ്റർ അഭയയെകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഫാ.തോമസ് കോട്ടൂരിനെയും, സിസ്റ്റർ സ്റ്റൈഫി പൂത്രിക്കയെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ഇതേ തുടർന്നാണ് കെഎസ്ആർ ചട്ടപ്രകാരം ഫാ.തോമസ് കോട്ടൂരിന്റെ പെൻഷൻ തടഞ്ഞ് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. കോട്ടയം ബിസിഎം കോളേജിലെ അധ്യാപകനായാണ് ഫാ.തോമസ് കോട്ടൂർ വിരമിച്ചത്. ഈ സർവീസിന്റെ പെൻഷൻ പുനസ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഇദ്ദേഹം അപേക്ഷ നൽകിയത്. ഈ ഉത്തരവ് പുറത്തിറക്കിയതിനു പിന്നാലെയാണ് കോട്ടൂർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ, ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇരുവരെയും കുറ്റവിമുക്തരാക്കിയില്ല. പകരം കേസിൽ താൽകാലികമായി വിധി സസ്പെന്റ് ചെയ്യുക മാത്രമാണ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസ് ഹൈക്കോടതി സസ്പെന്റ് ചെയ്തതിനു പിന്നാലെയാണ് ഇദ്ദേഹം പെൻഷൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പിന് നിവേദനം നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ കെഎസ്ആർ ഭാഗം മൂന്ന് ചട്ടം രണ്ട് പ്രകാരമാണ് ധനകാര്യ വകുപ്പ് പെൻഷൻ റദ്ദ് ചെയ്ത് ഉത്തരവ് ഇറക്കിയത്. ഈ വിഷയത്തിൽ തീരുമാനം എടുക്കുന്നതിനു വേണ്ടി ധനകാര്യമന്ത്രിയുടെ ശുപാർശ പബ്ലിക്ക് സർവീസ് കമ്മിഷന് അയച്ചു നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോട്ടൂറിന്റെ അപേക്ഷ പരിഗണിക്കേണ്ടെന്നു ധനകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. പെൻഷൻ റദ്ദ് ചെയ്തത് സംബന്ധിച്ചുള്ള പബ്ലിക്ക് സർവീസ് കമ്മിഷൻ ഉത്തരവ് വരും വരെ കോട്ടൂരിന്റെ അപേക്ഷ പരിഗണിക്കേണ്ടെന്നും ധനകാര്യ വകുപ്പ് തീരുമാനിച്ചു.