കോട്ടയം: ലോകകപ്പിന്റെ ആവേശം ഖത്തറിൽ തകർത്തു നടക്കുമ്പോൾ, ഫുട്ബോൾ ടീം ഉണ്ടാക്കി കോട്ടയം ജില്ലാ പൊലീസ്. രണ്ടാഴ്ചയ്ക്കിടെ 11 ഗുണ്ടകളെയാണ് ഒരു ‘ടീമുണ്ടാക്കി’ കോട്ടയം ജില്ലാ പൊലീസ് വിയ്യൂരിലേയ്ക്കു പറഞ്ഞയച്ചിരിക്കുന്നത്. ഗുണ്ടകൾക്കെതിരായ പൊലീസിന്റെ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി ഫുട്ബോൾ ലോകകപ്പ് തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടപടിയെടുത്തിരിക്കുന്നത്. ജില്ലാ പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് നടപടിയെടുത്ത ഗുണ്ടകളുടെ പേരുകൾ സഹിതം ട്രോളുണ്ടാക്കിയിട്ടിരിക്കുന്നത്. ട്രോൾ ഇതിനോടകം വൈറലായി മാറുകയും ചെയ്തു.
ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് ചുമതലയേറ്റത്തിനു പിന്നാലെ ഗുണ്ടകൾക്കെതിരെ നടപടി കർശനമാക്കിയിരുന്നു. ഇതോടെ നിലവിൽ ജില്ലയിലെ പല ഗുണ്ടകളും ജയിലിൽ തന്നെയാണ്. ഇതിനിടെയാണ് ഇപ്പോൾ രണ്ടാഴ്ചകൊണ്ട് ജയിലിലാക്കിയ 11 ഗുണ്ടകളുടെ പട്ടികയുമായി ജില്ലാ പൊലീസ് രംഗത്ത് എത്തിയത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ശ്രീദേവ് മോഹൻ, രതീഷ് രാജൻ, ബഷീർ, ദീപക് ജോൺ, പ്രദീപ്, അലക്സ് പാസ്കൽ, വിഷ്ണു അനിൽ, ക്രിസ്റ്റി സി ജോസഫ്, സജൻ സലിം, ആഷിക്, അഹദ് ഫൈസൽ എന്നിവരെയാണ് കാപ്പ ചുമത്തി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ നിന്നും ജയിലിലാക്കിയത്.