താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് സംഭവം. ഇന്ന് രാവിലെ 10.15 ലോടെയാണ് സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനാണ് തീ പിടിച്ചത്. ട്രാവലറില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ 17 ഓളം യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു.
ആറാം വളവിലെത്തിയപ്പോള്‍ വാഹനത്തിന്‍റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ വാഹനത്തിന്‍റെ ഡ്രൈവര്‍ സഞ്ചാരികളെ വാഹനത്തില്‍ നിന്നും പുറത്തിറക്കി. ഇതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നാലെ വാഹനത്തില്‍ നിന്നും തീ ഉയരുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനത്തെ മുഴുവനായും തീ വിഴുങ്ങി. കല്പറ്റയില്‍ നിന്നും മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി. താമരശ്ശേരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തുടരുന്നു. ആംബുലൻസ് റോഡ് സേഫ്റ്റി വിംങ്ങും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രക്ഷ പ്രവർത്തനത്തിന് പങ്കാളിയായി. വാഹനം പൂർണമായി കത്തി നശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല