ചങ്ങനാശേരി : തൃക്കൊടിത്താനത്ത് യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് നാലുകോടി ഭാഗത്ത് ചക്കാലയിൽ വീട്ടിൽ തോമസ് മാത്യു മകൻ ജിതിൻ എം തോമസ് (31) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആള്‍ കൂടിയായ ഇയാൾ ഓഗസ്റ്റ് മാസം 22 ന് സുഹൃത്തുക്കളുമായി ചേർന്ന് വെളുപ്പിനെ രണ്ട് മണിക്ക് യുവാവിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
ജിതിനും സുഹൃത്തുക്കൾക്കും കഞ്ചാവ് കച്ചവടം ഉണ്ടെന്ന് യുവാവ് പോലീസിനോട് പറഞ്ഞതിനുള്ള വിരോധം മൂലമാണ് ഇവർ വീട്ടിൽ കയറി ആക്രമിച്ചത്. കമ്പിവടിയും, കത്തിയും ഉപയോഗിച്ച് ഇവർ യുവാവിനെ ആക്രമിക്കുകയായിരുന്നു .കൂടാതെ വീട്ടുപകരണങ്ങൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. ഇതിന് ശേഷം ഇവർ ഒളിവിൽ പോവുകയുമായിരുന്നു. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ ബോബി വർഗീസ്. എ.എസ്.ഐ സാൻജോ, സി.പി.ഓ മാരായ അനീഷ് ജോൺ, സെൽവരാജ്, സന്തോഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.