കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെരുവുനായ ആക്രമണം. മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിനു സമീപത്തായാണ് തെരുവുനായ ആക്രമണം ഉണ്ടായത്. അഞ്ചോളം നായ്ക്കളാണ് അക്രമാസക്തമായി രംഗത്ത് എത്തിയത്. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്കു നേരെയാണ് ആദ്യം നായയുടെ ആക്രമണം ഉണ്ടായത്. ഇതോടെ ഇവർ ഓടി സമീപത്തെ കെട്ടിടത്തേലേയ്ക്കു കയറി രക്ഷപെട്ടു.
ഈ സമയം ഇതുവഴിയെത്തിയ മറ്റു രണ്ടു പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലും പരിസരത്തും തെരുവുനായ ശല്യം അതിരൂക്ഷമാണ്. ഈ സാഹചര്യത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണി ഉയർത്തുന്ന നായ ശല്യം തടയുന്നതിനു കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.