കോട്ടയം : വടവാതൂർ ഇ.എസ്.ഐ ആശുപത്രിയുടെ പരാധീനതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ലോക് സഭയിൽ സബ്മിഷനിലൂടെ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപീന്ദർ യാദവിനോട് ആവശ്യപ്പെട്ടു.
11 ഫീഡർ ഡിസ്പെൻസറികൾ വഴി രജിസ്റ്റർ ചെയ്ത ഒരു ലക്ഷത്തി അയ്യായിരത്തിലധികം തൊഴിലാളികൾ ഈ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ഇതിൽ 57,000ത്തിൽ അധികം സ്ത്രീകളാണ്. ഇത്രയും സ്ത്രീ ഗുണഭോക്താക്കൾക്കായി 2017 മുതൽ സ്ഥിരമായി ഗൈനക്കോളജി ഡോക്ടർ ഇല്ല. 60 കിലോമീറ്റർ അകലെയുള്ള കൊല്ലം ജില്ലയിലെ ഏനാത്ത് ഇ.എസ്.ഐ ആശുപത്രിയിൽ നിന്നും ആഴ്ചയിൽ രണ്ടുദിവസം എത്തുന്ന ഒരു ഡോക്ടറാണ് ഈ സ്ത്രീ ഗുണഭോക്താക്കളെ പരിശോധിക്കുവാൻ ഉള്ളത്. അടിയന്തരമായി ഒരു സ്ഥിരം ഗൈനക്കോളജി ഡോക്ടറെ വടവാതൂർ ഇ.എസ്.ഐ ആശുപത്രിയിൽ നിയമിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ജൂൺ മാസത്തിൽ ഈ ആശുപത്രിയിൽ ആരംഭിച്ച ഐ.സി.യു ഇപ്പോഴും പൂർണമായി പ്രവർത്തിക്കുന്നില്ല. ആവശ്യത്തിന് സ്റ്റാഫ് നേഴ്സുമാർ. തിയേറ്റർ ടെക്നീഷ്യൻ, നഴ്സിംഗ് അസിസ്റ്റന്റുമാർ, ഗ്രേഡ് 1, ഗ്രേഡ് II അറ്റൻഡർമാർ, കേന്ദ്രീകൃത ഓക്സിജൻ ഇവയുടെ അഭാവം മൂലം ഐ.സി.യു പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നതിന് സാധിക്കുന്നില്ല.
14 ക്വാർട്ടേസുകളിൽ 5 എണ്ണം വാസയോഗ്യമല്ല. ബാക്കി ഒൻപത് എണ്ണം തകർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർ ഈ ക്വാർട്ടേസുകളിൽ താമസിക്കാൻ തയ്യാറാകുന്നില്ല. ഇത് രോഗികൾക്ക് ലഭിക്കേണ്ട സേവനത്തിന് തടസ്സം ഉണ്ടാക്കുന്നു.
ഗുരുതരമായ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുവാൻ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് തോമസ് ചാഴികാടൻ എം.പി ലോകസഭയിൽ സബ്‌മിഷനിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തൊഴിൽ വകുപ്പ് മന്ത്രി ഭൂപീന്ദർ യാദവിന് എം.പി നേരത്തെ കത്ത് നൽകിയിരുന്നു.