അടിമാലി : പ്ലസ് ടു വിദ്യാർഥികളെ ഹോട്ടൽ ജീവനക്കാർ മർദിച്ച സംഭവത്തിൽ പോലീസ് പക്ഷപാതപരമായി പെരുമാറിയതായി പരാതി. ഇതുസംബന്ധിച്ച് കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് കൊല്ലം ചിതറ എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിലെ അധികൃതർ പരാതി നൽകി.
ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ കുട്ടികൾ രണ്ട് ബസിലായി മൂന്നാർ സന്ദർശനത്തിനെത്തി. ഭക്ഷണം കഴിക്കാൻ അടിമാലിയിലെ ഒരു ഹോട്ടലിൽ എത്തിയപ്പോൾ ബസ് ഡ്രൈവർ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഈ സംഭവത്തിൽ വിദ്യാർഥികളും ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവറെ സഹായിക്കാൻ ഹോട്ടൽ ഉടമയും തൊഴിലാളികളും എത്തി. ഇത് കൂട്ടത്തല്ലായി. സംഭവത്തിൽ നാല് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഡ്രൈവർ സുധാകരൻ നായരെ അടുത്ത ദിവസം പോക്സോ നിയമ പ്രകാരം അറസ്റ്റുചെയ്ത് ജയിലിലാക്കി. എന്നാൽ കുട്ടികളെ മർദിച്ച കേസിൽ അടിമാലി പോലീസ് പക്ഷപാതപരമായി പെരുമാറിയതായാണ് സ്കൂൾ അധികൃതരുടെ ഇപ്പോഴത്തെ പരാതി. നാല് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അക്രമികൾക്കെതിരേ ലോക്കൽ പോലീസ് കേസെടുത്തില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. കുട്ടികൾ കൊല്ലത്ത് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഭവം അറിഞ്ഞ് അടിമാലി എസ്.ഐ.യുടെ നേതൃത്വത്തിൽ പോലീസ് ഉടൻ സ്ഥലത്തെത്തിയെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ വിദ്യാർഥികളെ പോലീസ് തന്നെ ആശുപത്രിയിലെത്തിച്ചു. നാല് ഹോട്ടൽ തൊഴിലാളികളെ അപ്പോൾതന്നെ കസ്റ്റഡിയിലെടുത്തു. രാത്രിയിൽതന്നെ പോലീസ് കുട്ടികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ ആശുപത്രിയിലെത്തി. എന്നാൽ, അപ്പോൾ അവിടെയുണ്ടായിരുന്ന സ്കൂൾ അധികൃതരും പരിക്കേറ്റ കുട്ടികളും അക്രമം സംബന്ധിച്ച് മൊഴിനൽകാൻ തയ്യാറായില്ലെന്നുമാണ് പോലീസിന്റെ വാദം.
ഞങ്ങൾക്ക് പരാതിയില്ല എന്നായിരുന്നു വിശദീകരണം. ഇതോടെ കസ്റ്റഡിയിലെടുത്ത നാലുപേരെയും അടുത്ത ദിവസം രാവിലെ വിട്ടയച്ചതായാണ് അടിമാലി പോലീസ് പറയുന്നത്. കൊല്ലം എസ്.പി.ക്ക് ലഭിച്ച പരാതി ഇടുക്കി എസ്.പി.വഴി അടിമാലിയിൽ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം നടത്താൻ തയ്യാറാണെന്നും അടിമാലി പോലീസ് പറഞ്ഞു.