കൊച്ചി: വ്യാജ ലോക റെക്കാഡ് സർട്ടിഫിക്കറ്റ് നൽകി മോഡലുകളെ കബളിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തട്ടിപ്പിന് ഇരയായ 10 മോഡലുകൾ കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ എസ്.ശശിധരന് നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. എറണാകുളത്തും കോട്ടയത്തുമായി നടന്ന ഫാഷൻ ഷോകളിലാണ് വ്യാജ റെക്കാഡ് സർട്ടിഫിക്കറ്റുകൾ നൽകിയത്. കോട്ടയത്തും തട്ടിപ്പ് നടന്നെന്ന പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്ന് ഡി.സി.പി പറഞ്ഞു.
യൂണിവേഴ്‌സൽ അച്ചീവേഴ്‌സ് ബുക്ക് ഒഫ് റെക്കാഡ്, ഫ്യൂച്ചർ കലാംസ് ബുക്ക് ഒഫ് റെക്കാഡ് ബഹുമതികൾ വാഗ്ദാനം ചെയ്ത് പതിനായിരത്തിലധികം രൂപ വാങ്ങി കബളിപ്പിച്ചതായാണ് പരാതി. എറണാകുളത്തെ സ്വകാര്യ ഗ്രൂപ്പിനും സി.ഇ.ഒയായ ഫോർട്ട് കൊച്ചി സ്വദേശിനിക്കുമെതിരേയാണ് പരാതി. ഫാഷൻ ഷോയിൽ പങ്കെടുക്കാത്തവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് സംശയം ഉയർന്നത്.