കോട്ടയം:സാംസ്കാരിക മന്ത്രി വിഎൻ വാസവന്റെ ”കോൺഗ്രസ് -ഇന്ദ്രൻസ്” ഉപമയെ വിമർശിച്ചും പരിഹസിച്ചും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മന്ത്രിയുടെ പ്രസ്താവന, തൃശൂർ പൂരത്തിന് പോയ അന്ധൻ ഗുരുവായൂർ കേശവന്റെ വലുപ്പം അളന്നത് പോലെ ആയിപ്പോയെന്ന് തിരുവഞ്ചൂർ പരിഹസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുജറാത്തിൽ 27 ശതമാനം വോട്ട് നേടിയ കോൺഗ്രസിനെ ഇന്ദ്രൻസിനോട് താരതമ്യപ്പെടുത്തിയ വാസവൻ, നോട്ടയേക്കാൾ കുറവ് വോട്ട് നേടിയ സിപിഎമ്മിനെ എന്തിനോട് ഉപമിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് തിരുവഞ്ചൂരിന്റെ വിമർശനം.
കഴിഞ്ഞ ദിവസം നിയമസഭയിൽ ഹിമാചൽപ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിക്ഷ അംഗങ്ങൾ രാഷ്ട്രീയം ചർച്ചയാക്കിയ സമയത്താണ് മന്ത്രി വാസവൻ വിവാദ പരാമർശം നടത്തിയത്.
‘സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോൺഗ്രസിന്. ഇപ്പോൾ എവിടെയെത്തി?.യഥാർത്ഥത്തിൽ കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തിനിൽക്കുന്നുവെന്നായിരുന്നു’ മന്ത്രിയുടെ പരാമർശം.
ഇതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
മന്ത്രിയുടെ പരാമർശം ചർച്ചയായതോടെ താൻ കുറച്ച് പഴയ ആളാണെന്നും, താൻ എന്താണെന്ന് സ്വയം നല്ല ബോധ്യമുണ്ടെന്നും നടൻ ഇന്ദ്രൻസ് പറഞ്ഞിരുന്നു. മന്ത്രിയുടെ പരാമർശത്തിൽ വിഷമമില്ലെന്നും ഇന്ദ്രൻസ് പ്രതികരിച്ചു.