കൂലിയും മദ്യവുമൊന്നും വേണ്ട. സൗജന്യമായാണ് ഇവരുടെ കാപ്പി വിളവെടുപ്പ്. പക്ഷെ വയനാട്ടിലെ കര്‍ഷകര്‍ സൗജന്യ വേലക്കാരെ കണ്ട് കണ്ണീരൊഴുക്കുകയാണെന്നു മാത്രം. വയനാട്ടില്‍ കാപ്പി വിളവെടുപ്പ് സീസണ്‍ തുടങ്ങി. മെച്ചപ്പെട്ട കാലാവസ്ഥ ലഭിച്ചതിനാല്‍ ഇത്തവണ മെച്ചപ്പെട്ട വിളവുമുണ്ട്. പക്ഷെ കൂലി കൂടിയിട്ടുപോലും വിളവെടുപ്പിന് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയില്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോഴാണ് ആരുടെയും അനുവാദമോ സമ്മതമോ ഇല്ലാതെ ഒരു കൂട്ടര്‍ സൗജന്യമായി വിളവെടുപ്പ് ആരംഭിച്ചത്.
കൂലിയും മദ്യവുമൊന്നും വേണ്ട.യന്ത്രം പോലെ കാപ്പിക്കുരു ഉതിര്‍ത്തിയിടും. കടല കൊറിക്കുന്നതു പോലെ ഇടക്ക് പഴുത്ത കാപ്പിക്കുരു വായിലിട്ട് ചപ്പും. ഇത് കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയിലാണ് കര്‍ഷകര്‍. കൂട്ടമായി എത്തുന്ന വാനരന്‍മാര്‍ കാപ്പിക്കുരു നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വയനാട്ടില്‍ വാനരന്‍മാരുടെ ശല്യമില്ലാത്ത ഒരു സ്ഥലം പോലുമില്ല. കാര്‍ഷിക മേഖല തകര്‍ന്നതോടെ കൃഷിയുപേക്ഷിച്ച പല കര്‍ഷകരുടെയും തോട്ടങ്ങള്‍ കാടുപിടിച്ചു കിടക്കുകയാണ്. മരങ്ങളുടെ ചോലവെട്ടിയിട്ട് വര്‍ഷങ്ങളായി. അത്തരത്തില്‍ കൂടുമൂടിയ തോട്ടങ്ങളിലാണ് കടുവയും പുലിയും കാട്ടുപന്നിയും വാനരന്‍മാരുമടക്കം തമ്പടിക്കുന്നത്. വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വയനാട്ടില്‍ നിന്ന് അധികം വൈകാതെ കുടിയൊഴിയേണ്ടി വരുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.