പത്തനംതിട്ട : പോലീസ് പരിശോധന കർശനമാക്കിയതിനാൽ വില്പന നടത്താനാവാതെ സൂക്ഷിച്ചുവച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കോയിപ്രം പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല പുത്തൻ വീട്ടിൽ കെ എം ജോർജ്ജിന്റെ മകൻ സന്തോഷ് (43) ആണ് പിടിയിലായത്.ഇയാളിൽ നിന്നും 18 ചെറിയ ബോട്ടിലുകളിലായി 40 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.ഇത് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വില്പനയ്ക്ക് എത്തിച്ചതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റയിലെടുത്തു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പന, കൈമാറ്റം എന്നിവ തടയുന്നതിനുള്ള പരിശോധന പോലിസ് ശക്തമായി തുടർന്നുവരവേ, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് നടപടി. ജില്ലയിൽ ഇതാദ്യമായാണ് ഹാഷിഷ് ഓയിൽ മാത്രമായി പിടിച്ചെടുക്കുന്നത്. കഴിഞ്ഞവർഷം റാന്നിയിൽ നിന്നും കഞ്ചാവിനൊപ്പം 36 ഗ്രാമുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിൽ ലഹരിവസ്തുക്കൾക്കെതിരായ അന്വേഷണം പോലീസ് വ്യാപകമാക്കി വരികയാണ്. ഡാൻസാഫ് സംഘവും കോയിപ്രം പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ കോയിപ്രം മുട്ടുമണ്ണിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കച്ചവടത്തിന് കടത്തിക്കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചു.
ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ജില്ലയിൽ എത്തിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെതുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘം റെയ്ഡ് വ്യാപകമാക്കിയിരുന്നു. സന്തോഷ് ഒരു കണ്ണി മാത്രമാണെന്നും, സംഘാoഗങ്ങൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയെന്നും, ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മുമ്പ് കഞ്ചാവും മറ്റുമായി പിടിയിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വ്യാപകമാക്കിയതിനെത്തുടർന്നാണ് തന്ത്രപരമായി ഇയാളെ കുടുക്കാൻ സാധിച്ചത്. കോയിപ്രം എസ് ഐ അനൂപ്, എസ് ഐ ഷൈജു, ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐമാരായ അജികുമാർ, മുജീബ്, സി പി ഓമാരായ ശ്രീരാജ് , മിഥുൻ, ബിനു, സുജിത്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതിയെ ഓയിലുമായി പിടികൂടിയത്.