പത്തനംതിട്ട : ജനുവരി 26ന് ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യാതിഥിയായ ആരോഗ്യ, വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് നടക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും.
ഒന്‍പതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയ പതാക ഉയര്‍ത്തും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ്. 9.30 ന് മുഖ്യാതിഥിയുടെ റിപ്പബ്ലിക്ദിന സന്ദേശം. 9.40 മുതല്‍ സാംസ്കാരിക പരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും. പരേഡില്‍ പോലീസ്, ഫയര്‍ ഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ് സേനാംഗങ്ങള്‍, എന്‍.സി.സി, ജൂനിയര്‍ റെഡ്ക്രോസ്, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, സ്കൂള്‍ ബാന്‍ഡ് സെറ്റുകള്‍ തുടങ്ങിയവര്‍ അണിനിരക്കും.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു.പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി എല്ലാവരും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. രാവിലെ 7.30ന് എല്ലാവരും ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.