ആലപ്പുഴ : എടത്വ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ സംഘം പോലീസ് പിടിയില്‍. ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ 18-ാം വാര്‍ഡില്‍ കിഴക്കും ഭാഗത്ത് പടിഞ്ഞാറെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദില്‍ജിത്ത് (26), ഇടുക്കി പീരൂമേട് വില്ലേജില്‍ പീരുമേട് ഗസ്റ്റ്ഹൗസ് ക്വര്‍ട്ടേഴ്സില്‍ രതീഷ് (28) എന്നിവരെയാണ് എടത്വ പോലീസ് പിടികൂടിയത്.
രണ്ട് ദിവസം മുന്‍പ് തലവടിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വളകള്‍ പണയപ്പെടുത്തി 29,500 രൂപ ഇവര്‍ കൈപ്പറ്റിയിരുന്നു. ഇവര്‍ പോയ ശേഷം പണയപ്പെടുത്തിയ പണ്ടത്തിന്റെ രസീത് ഓഫീസില്‍ നിന്ന് കളഞ്ഞ നിലയിൽ കിട്ടിയതോടെ സ്ഥാപന ഉടമകള്‍ക്ക് സംശയം തോന്നി. പണയ ഉരുപ്പടി കൂടുതല്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥാപന ഉടമകള്‍ എടത്വ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സിസി ടിവി ദൃശ്യം പരിശോധിച്ച് ഇവരുടെ ഫോട്ടോ പകര്‍ത്തി. പോലിസ് രഹസ്യമായി നടത്തിയ നീക്കത്തിനൊടുവില്‍ ദില്‍ജിത്തിനെ കോട്ടയത്തുനിന്നും, രതീഷിനെ ചങ്ങനാശേരിയില്‍ നിന്നും പിടികൂടി. രണ്ട് ദിവസമായി പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്ന പ്രതികളെ ഒടുവില്‍ പോലീസ് സാഹസികമായി വലയിലാക്കുകയായിരുന്നു. മുക്കുപണ്ട ഉരുപ്പടികളില്‍ സ്വര്‍ണ്ണം കട്ടി കൂട്ടി പൊതിഞ്ഞാണ് പണയപ്പെടുത്താന്‍ ഇവര്‍ ഉപയോഗിച്ചിരുന്നത്.
ഇങ്ങനെ എത്തിക്കുന്ന സ്വര്‍ണ്ണം ഉരച്ചു നോക്കിയാലും കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയിലാണ് ഉരുപ്പടികളുടെ നിര്‍മ്മാണം. പോലീസിന്റെ അന്വേഷണത്തില്‍ സമാന രീതിയില്‍ പല സ്ഥലങ്ങളിലും മുക്കുപണ്ടം പണയപ്പെടുത്തി വന്‍തുക കൈപ്പറ്റിയിട്ടുണ്ടന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. എടത്വാ സിഐ ആനന്ദബാബു, എസ്ഐ സജികുമാര്‍ സി ജി, എഎസ്ഐ സജികുമാര്‍, സീനിയര്‍ സിപിഒ സുനില്‍, സിപിഒ മാരായ വിനു കൃഷ്ണന്, സഫീര്‍, കണ്ണന് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.
.