പത്തനംതിട്ട : ജീവനക്കാരുടെ ഹാജര്‍ സ്പാര്‍ക്ക് ബന്ധിത ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗിലൂടെ രേഖപ്പെടുത്തുന്ന സംവിധാനം പത്തനംതിട്ട കളക്ടറേറ്റില്‍ നടപ്പാക്കുന്നു. കളക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ വിവരങ്ങള്‍ സോഫ്റ്റ്വെയറില് രേഖപ്പെടുത്തുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി. ഇതിന്റെ ടെസ്റ്റിംഗ് നാളെ 31ന് നടക്കും. വിജയകരമായാല്‍
ഫെബ്രുവരി 1 മുതല്‍ കളക്ടറേറ്റിലെ റവന്യു ജീവനക്കാര്‍ക്ക് പഞ്ചിംഗ് പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
റവന്യുവിനു പുറമേ കളക്ടറേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ടൂറിസം ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം, പൊതുമരാമത്ത് ഇലക് ട്രോണിക്സ് വിഭാഗം അസിസ്റ്റന്‍ഡ് എന്‍ജിനിയറുടെ ഓഫീസ്, ജില്ലാ പ്ലാനിംഗ് ഓഫീസ്, സ്പെഷല്‍ തഹസീല്‍ദാര്‍ എല്‍എ ജനറല്‍, ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ്, അസിസ്റ്റന്‍ഡ് ഡവലപ്മെന്റ് കമ്മീഷണര്‍(ജനറല്‍) ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ സര്‍വെ സൂപ്രണ്ട് ഓഫീസ്, ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് സര്‍വേ എന്നിങ്ങനെ 10 ഓഫീസുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവനക്കാരുടെ വിവരങ്ങള്‍ സോഫ്റ്റ്വെയറില് രേഖപ്പെടുത്തുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ ഓഫീസുകളിലും പഞ്ചിംഗ് പ്രാബല്യത്തില്‍ വരും. പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം എന്നീ നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും സമയക്രമം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഭരണനവീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനുമാണ് സ്പാര്‍ക്ക് ബന്ധിത ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്.
കളക്ടറേറ്റിനെ ഒറ്റ യൂണിറ്റായി കണക്കാക്കി ഇതിനാവശ്യമായ പഞ്ചിംഗ് മെഷീനുകള്‍ കെല്‍ട്രോണ്‍ മുഖേന സ്ഥാപിക്കുന്നത് റവന്യു വകുപ്പാണ്. കളക്ടറേറ്റിലെ ഗ്രൗണ്ട് ഫ്ളോറില്‍ അഞ്ചും, ഫസ്റ്റ് ഫ്ളോറില്‍ രണ്ടും, സെക്കന്‍ഡ് ഫ്ളോറിലും തേഡ് ഫ്ളോറിലും ഒന്നു വീതവും ഫോര്‍ത്ത് ഫ്ളോറില്‍ രണ്ടും ഉള്‍പ്പെടെ ആകെ 11 പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം നാളെ പൂര്‍ത്തിയാകും. സിവില്‍ സ്റ്റേഷനിലെ ഏത് ഓഫീസിലെ ജീവനക്കാരനും ഏത് മെഷീനിലും പഞ്ച് ചെയ്ത് ഹാജര്‍ രേഖപ്പെടുത്താം.
ജീവനക്കാര്‍ക്ക് മാസത്തില്‍ 300 മിനിറ്റ് ഗ്രേസ് ടൈം അനുവദിക്കും.
ഒരു ദിവസം പരമാവധി 60 മിനിറ്റ് മാത്രമേ വിനിയോഗിക്കാനാവു. അനുവദനീയമായ ഗ്രേസ് ടൈം കഴിഞ്ഞ് താമസിച്ച് വരുകയും നേരത്തെ പോകുകയും ചെയ്യുകയാണെങ്കില്‍ അര്‍ഹമായ അവധി അപേക്ഷ സമര്‍പ്പിക്കാത്തപക്ഷം ഹാജരായില്ലെന്ന് കണക്കാക്കുകയും ഈ ദിവസത്തെ ശമ്പളം കുറവു ചെയ്യുകയും ചെയ്യും. ഒരു മാസത്തില്‍ 10 മണിക്കൂറോ അതില്‍ അധികം സമയമോ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് (ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) അപേക്ഷിക്കുന്ന പക്ഷം മാസത്തില്‍ ഒരു ദിവസം കോമ്പന്‍സേറ്ററി ഓഫായി അനുവദിക്കും.
കോമ്പന്‍സേറ്ററി ഓഫീന് നിലവിലുള്ള മാനദണ്ഡങ്ങള്‍ ഇതിനും ബാധകമാണ്. ഒരു മാസത്തില്‍ അധിക സമയം ജോലി ചെയ്യുന്ന മണിക്കൂര്‍ കണക്കാക്കുന്നത് ഓരോ ദിവസത്തെയും നിര്‍ബന്ധിത പ്രവര്‍ത്തി സമയം ( ഏഴു മണിക്കൂര്‍) കഴിച്ച് വരുന്ന സമയമാണ്.
ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ച്് ചെയ്യണം. ഒരു തവണ മാത്രം പഞ്ച് ചെയ്താല്‍ ബാക്കി സമയം ലീവായി കണക്കാക്കുകയും അവധി അപേക്ഷ നല്‍കാത്തപക്ഷം ശമ്പളത്തില്‍ കുറവു വരുകയും ചെയ്യും. ഫെബ്രുവരി 28 വരെ ബയോമെട്രിക് പഞ്ചിംഗിനു സമാന്തരമായി നിലവിലുള്ളതുപോലെ ഹാജര്‍ പുസ്തകത്തില്‍ കൂടി ഹാജര്‍ രേഖപ്പെടുത്തും.
പഞ്ചിംഗ് സംവിധാനം കളക്ടറേറ്റില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസാണ് നിര്‍വഹിക്കുന്നത്. ബയോമെട്രിക് പഞ്ചിംഗ് പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍ കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫാണ്.