ചിക്കാഗോ: വനിത മേധാവിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥന്റെ പരാതി.
തന്റെ വനിത മേധാവിയായിരുന്ന ടിഫനി മില്ലർക്കെതിരെയാണ് റയാൻ ഓളോഹൻ പരാതിയുമായി കോടതിയെ സമീപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019ൽ ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവിൽ കമ്പനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സൽക്കാരത്തിനിടെ ടിഫനി മില്ലർ തന്നെ സ്പർശിച്ചുവെന്നും തനിക്ക് ഏഷ്യൻ സ്ത്രീകളോടാണ് താൽപര്യമെന്ന് അവർക്കറിയാമെന്ന് തന്നോട് പറഞ്ഞുവെന്നും റയാൻ പരാതിയിൽ ആരോപിക്കുന്നു.
തന്റെ ശരീര സൗന്ദര്യത്തെ പുകഴ്ത്തിയ ടിഫനി അവരുടെ വിവാഹ ജീവിതം അത്ര രസകരമല്ലെന്നും പറഞ്ഞു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ റയാന് ഫുഡ്, ബിവറേജസ് ആന്റ് റസ്റ്റോറന്റ്സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും അദ്ദേഹം പുതിയ മാനേജ്മെന്റ് ടീമിലെത്തുകയും ചെയ്തു. ഈ ടീമിലെ സൂപ്പർവൈസറായിരുന്നു ആരോപണ വിധേയയായ ടിഫനിയും.
വിവാഹിതനും ഏഴ് കുട്ടികളുടെ അച്ഛനുമായ റയാന് ടിഫനിയുടെ പെരുമാറ്റം അത്ര സുഖകരമായിരുന്നില്ല. സഹപ്രവർത്തകർക്കും ടിഫനിയുടെ പെരുമാറ്റം അറിയാമായിരുന്നുവെന്ന് റയാൻ പറയുന്നു. പിന്നീട് ഈ സംഭവം ഗൂഗിളിന്റെ എച്ച്ആർ വിഭാഗത്തെ റയാൻ അറിയിച്ചു. എന്നാൽ ആ പരാതിയിൽ നടപടി ഉണ്ടായില്ല.
മാത്രമല്ല ഒരു വെള്ളക്കാരനായ ഉദ്യോഗസ്ഥന്റെ പീഡനത്തിനെതിര ഒരു വനിത ഉദ്യോഗസ്ഥയാണ് പരാതി നൽകിയിരുന്നെങ്കിൽ തീർച്ചയായും നടപടിയുണ്ടായേനെ എന്ന് എച്ച് ആർ പ്രതിനിധി തന്നോട് തുറന്ന് പറഞ്ഞതായും റയാൻ പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം റയാന്റെ ജോലിസ്ഥലത്തെ പെരുമാറ്റ ദൂഷ്യം ആരോപിച്ച് ടിഫനിയും റയാനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ താൻ ചെയ്ത കുറ്റം എന്താണെന്ന് അവർ വ്യക്തമാക്കിയില്ലെന്നും റയാൻ പരാതിയിൽ പറയുന്നു.
2021ൽ നടന്ന ഒരു പരിപാടിക്കിടെ ടിഫനി സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് തന്നെ ശകാരിച്ചു. അവരെ സഹപ്രവർത്തകർ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു. ഈ സംഭവത്തിൽ അവർ പിന്നീട് മാപ്പ് പറഞ്ഞുവെന്നും റയാൻ പറഞ്ഞു. തനിക്ക് ടിഫനിയിൽ നിന്നും നേരിടുന്ന പ്രശ്നങ്ങൾ കമ്പനിക്കും അറിവുള്ളതായിരുന്നു. പിന്നീട് 2022 ൽ നടന്ന ഒരു പരിപാടിക്കിടയിലും അവർ തന്നെ അപമാനിച്ചുവെന്ന് റയാൻ ആരോപിച്ചു. ഈ സംഭവങ്ങളെല്ലാം തനിക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കി.
മാനേജ് മെന്റ് ടീമിൽ കൂടുതലും പാശ്ചാത്യരായ പുരുഷന്മാരാണെന്നും ഒരു വനിതയ്ക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് തന്നെ പുറത്താക്കുന്നത് എന്നാണ് കമ്പനി വിശദീകരണമെന്നും റയാൻ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ടിഫനിയുടെ പ്രതികരണം.