സാധാരണക്കാരെയും ഇടത്തരക്കാരെയും ഒരുപോലെ കബളിപ്പിക്കുന്നതും വൻകിടക്കാരെ പരിലാളിക്കുന്നതുമായ കേന്ദ്രബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴിലുറപ്പ് പദ്ധതിക്കും കഴിഞ്ഞ വർഷത്തെ തുക പോലും വകയിരുത്താത്ത കേന്ദ്ര ബജറ്റ് വളം സബ്സിഡിയ്ക്കും ഇന്ധന സബ്സിഡിക്കുമുളള തുകയും വെട്ടി കുറച്ചിരിക്കുകയാണ്. രാജ്യം നേരിടുന്ന ഗുരുതരമായ തൊഴിലില്ലായ്മക്കും കർഷക ജനതയുടെ ദയനീയ ജീവിതാവസ്ഥയ്ക്കും പരിഹാരം നിർദ്ദേശിക്കാത്ത ബജറ്റ് സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രയാസകരമാക്കും. യാഥാർത്ഥ്യത്തെക്കാൾ കൂടുതൽ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും മാത്രമാണ് ബജറ്റിലുള്ളത്. ആദായ നികുതി പരിധി ഏഴു ലക്ഷമാക്കി ഉയർത്തിയെന്ന പ്രഖ്യാപനവും ഫലത്തിൽ ജീവനക്കാർ അടക്കമുള്ള ഇടത്തരക്കാരെ കബളിപ്പിക്കാനാണ്. രാജ്യത്തെ ആറ് കോടി നികുതി ദായകരിൽ 90% വും നിരാകരിച്ച പുതിയ റെജീം പരിഷ്കാരങ്ങൾ എല്ലാവരിലേക്കും എത്തിച്ച് ക്ലിപ്ത വരുമാനക്കാരുടെ പോക്കറ്റടിക്കാനും അതേസമയം വൻകിടക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കാനുമാണ് തയ്യാറായിരിക്കുന്നത്. തികച്ചും വഞ്ചനാപരമായ നടപടികൾ മാത്രം ഉൾക്കൊള്ളുന്ന കേന്ദ്ര ബജറ്റിനെതിരെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽകുമാർ,എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, എകെജിസിടി സംസ്ഥാന സെക്രട്ടറി സന്തോഷ് ടി വർഗ്ഗീസ്,കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ, പ്രസിഡന്റ് കെ എസ് ഷാനിൽ, ട്രഷറർ കെ വി വിജൂ, വൈ.പ്രസിഡന്റ് എൻ.ബി.മനോജ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ജാസ്മിൻ, കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ,ട്രഷറർ പി എം ഷൈനി എന്നിവർ സംസാരിച്ചു.
കോതമംഗലം സബ് ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ കെ സുനിൽകുമാർ സംസാരിക്കുന്നു.