കോട്ടയം: സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്ന കോൺഗ്രസ് – കേരള കോൺഗ്രസ് പോര് പാലായിലെ തെരുവിലേയ്ക്ക്. കോൺഗ്രസിന്റെ മുൻ കെ.പി.സി.സി പ്രസിഡന്റിന്റെ പൗത്രൻ സഞ്ജയ് സഖറിയയെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കേരള കോൺഗ്രസിനെതിരെ ശക്തമായ പ്രതികരണവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷും രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേരള കോൺഗ്രസിന്റെ അധികാര രാഷ്ട്രീയത്തിന് എതിരെ ഇപ്പോൾ കോൺഗ്രസ് പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ പത്തിന് പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് പാലായിൽ പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്നും കോൺഗ്രസ് പ്രവർത്തകനായ സഞ്ജയ് സഖറിയയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്നും ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാതന്ത്രസമര സേനാനിയും മുൻ ഗവർണറുമായ പ്രൊഫ.കെ.ചാണ്ടിയുടെ കൊച്ചുമകനായ സഞ്ജയ് സഖറിയാസിനെതിരേ കേരള കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ കേസെടുത്തതാണ് സംഭവത്തിന് ആധാരമെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. സഞ്ജയിയേയും, ഭാര്യയെയും, കുട്ടികളെയും സമൂഹ്മാദ്ധ്യമങ്ങളിലൂടെ അവഹേളിച്ച നിരവധി സംഭവങ്ങളെക്കുറിച്ച് പ്രതികളുടെ പേര് വിവരങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാതെ ജോസ് കെ മാണി രാഷ്ട്രീയമായി നേരിട്ട് പോരടിക്കുകയാണ് വേണ്ടതെന്നും നാട്ടകം സുരേഷ് പറഞ്ഞു.
കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീഷ് ചൊള്ളാനി, എ.കെ.ചന്ദ്രമോഹൻ, ആർ.പ്രേംജി, തോമസ് കല്ലാടൻ, രാജൻ കൊല്ലംപറമ്പിൽ, വി.സി.പ്രിൻസ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. സഞ്ജയ് സഖറിയാസിന്റെ ഭാര്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തി പ്രതികളെ ഉടൻ പിടികൂടുമെന്നും പാലാ പൊലീസ് അറിയിച്ചു.