കോട്ടയം: ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് കോട്ടയം നാട്ടകം അഭയ മോർച്ചറിയിൽ നിന്നും പൊലീസ് ഇടപെട്ട് സംസ്കരിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ ചിതാഭസ്മം നാട്ടിലേയ്ക്ക് അയച്ചു നൽകി. മധ്യപ്രദേശ് സ്വദേശിയും ഇടുക്കിയിൽ ജോലിചെയ്യാൻ എത്തുകയും ചെയ്ത അമൻകുമാറാണ് കഴിഞ്ഞ ഒക്ടോബറിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. അമനിന്റെ മൃതദേഹം കോട്ടയം നാട്ടകത്തെ അഭയ ഫ്യൂണറൽ സർവീസിന്റെ മോർച്ചറിയിൽ സൂക്ഷിച്ച ശേഷം കരാറുകാരൻ മുങ്ങുകയായിരുന്നു. ഇതേ തുടർന്ന് അഭയ ഫ്യൂണറൽ സർവീസ് അധികൃതർ വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചു. ഇതേ തുടർന്ന് ചിങ്ങവനം പൊലീസ് വിഷയത്തിൽ ഇടപെടുകയും അമൻ കുമാറിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് അമന്റെ ബന്ധുക്കളുടെ ആഗ്രഹ പ്രകാരം ഇവരുടെ ആചാര പ്രചാരം തന്നെ മൃതദേഹം കോട്ടയത്ത് സംസ്കരിച്ചു.




ഇതിന് ശേഷം പൊലീസ് സംഘം അമന്റെ ചിതാഭസ്മം ബന്ധുക്കൾക്ക് അയച്ചു നൽകാൻ ശ്രമിച്ചെങ്കിലും കൃത്യമായി വിലാസം ലഭിക്കാത്തതിനാലും ഫോൺ എടുക്കാത്തതിനാലും മാസങ്ങളോളം ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് സംഘം ഇവരെ നിരന്തരം ബന്ധപ്പെട്ടതോടെയാണ് വിലാസവും പിൻകോഡും അടക്കമുള്ളവ ലഭിച്ചത്. തുടർന്ന് ഇവർക്ക് ചിതാഭസ്മം തപാൽ മാർഗം അയച്ചു നൽകുകയായിരുന്നു. ചിതാഭസ്മം ലഭിച്ച ശേഷം ബന്ധുക്കൾ അന്ത്യകർമ്മങ്ങളുടെ ചടങ്ങുകൾ ചിങ്ങവനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസെപ്ക്ടർ വി.എസ് അനിൽകുമാറിനും, സിവിൽ പൊലീസ് ഓഫിസർ പ്രിൻസിനും അയച്ചു നൽകുകയും ചെയ്തു.