കോട്ടയം: നാട്ടകം പോർട്ടിനു സമീപത്തെ അഭയ ഫ്യൂണരൽ സർവീസ് സെന്ററിലെ മോർച്ചറിയിൽ 38 ദിവസമായി സൂക്ഷിച്ചിരിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ 16 കാരന്റെ മൃതദേഹം ഏറ്റെടുക്കാൻ കരാറുകാരനോ ബന്ധുക്കളോ എത്തിയില്ല. മൃതദേഹത്തോട് അനാദരവ് കാട്ടുകയും, 16 കാരനെ ജോലിയ്ക്ക് നിയോഗിക്കുകയും ചെയ്ത ഇടുക്കി സ്വദേശിയായ കരാറുകാരന് എതിരെ ബാല വേല നിയമം അനുസരിച്ച് കേസെടുത്തേയ്ക്കും. ഇടുക്കിയിലെ തോട്ടത്തിൽ ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശിയായ അമൻകുമാർ മുറവിയുടെ മൃതദേഹമാണ് കഴിഞ്ഞ 38 ദിവസമായി അഭയ ഫ്യൂണറൽ സർവീസിന്റെ മോർച്ചറിയിൽ ഇരിക്കുന്നത്.
അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസമാണ് അമൻകുമാർ മരിച്ചത്. തുടർന്ന് ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഇയാളുടെ കരാറുകാരന്റെ നിർദേശം അനുസരിച്ച് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നാട്ടകത്തെ അഭയ ഫ്യൂണറൽ സർവീസിന്റെ മോർച്ചറിയിൽ എത്തിച്ചു. മധ്യപ്രദേശിലേയ്ക്ക് മൃതദേഹം കൊണ്ടു പോകുക എന്ന ലക്ഷ്യത്തോടെയാണ് മൃതദേഹം ഇവിടെ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സമ്മറിയിൽ പേരിൽ തെറ്റുള്ളതിനാൽ ഇത് തിരുത്തിയ ശേഷം മൃതദേഹം നാട്ടിലേയ്ക്കു കയറ്റി അയക്കാം എന്ന് അറിയിച്ച കരാറുകാരൻ മൃതദേഹം അഭയ ഫ്യൂണറൽ സർവീസിന്റെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നാലു ദിവസത്തിന് ശേഷം മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി മൃതദേഹം ഏറ്റെടുക്കാൻ എത്തി. ഇവിടെ മൃതദേഹം സൂക്ഷിച്ചതിന് വാടക വേണമെന്നാവശ്യപ്പെട്ടതോടെ ഇവർ മടങ്ങിപ്പോയി. പിന്നീട് ഇവർ തിരികെ എത്തിയില്ല. ഇതിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം തട്ടിക്കൊണ്ടു പോയതായി കാട്ടി ചിലർ ഗാന്ധിനഗർ പൊലീസിൽ പരാതിയും നൽകി. എന്നാൽ, ഈ പരാതിയിൽ അഭയ ഫ്യൂണറൽ സർവീസ് അധികൃതർ കാര്യങ്ങൾ വിശദമാക്കിയതോടെ പൊലീസ് പരാതി തീർപ്പാക്കി.
ഇതിനിടെ പത്തു ദിവസം കഴിഞ്ഞിട്ടും മൃതദേഹം ഏറ്റെടുക്കാൻ ആരും വരാതെ വന്നതോടെ സെപ്റ്റംബർ 18 ന് അഭയ ഫ്യൂണറൽ സർവീസ് അധികൃതർ കോട്ടയം ചിങ്ങവനം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കരാറുകാരനെ വിളിച്ചു വരുത്തി മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കമെന്ന് ഇയാളിൽ നിന്നും ഉറപ്പ് വാങ്ങുകയും ചെയ്തു. എന്നാൽ, 38 ദിവസമായിട്ടും വിഷയത്തിൽ നടപടി സ്വീകരിക്കാൻ കരാറുകാരൻ തയ്യാറായില്ല. ഇതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിഷയത്തിൽ ഇടപെട്ടത്. ഇതിന് ശേഷം ഇദ്ദേഹം ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനിൽകുമാറുമായി വിഷയം സംസാരിച്ചു.
ഇതേ തുടർന്ന് കരാറുകാരനെതിരെ 16 കാരനെ ജോലി ചെയ്യിപ്പിച്ചതിന് കേസെടുക്കാനും, കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ച ശേഷം മൃതദേഹം സംസ്‌കാരിക്കാനും തീരുമാനമായി. വിഷയത്തിൽ ലേബർ ഓഫിസ് അധികൃതരും ഇടപെട്ടിട്ടുണ്ട്. ഇത്തരത്തിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വിവരം ജാഗ്രത ന്യൂസ് ലൈവാണ് പുറത്ത് വിട്ടത്.