കോട്ടയം : താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ കഴിഞ്ഞദിവസം വള്ളം കളിക്കിടെ ഉണ്ടായ വിവാദങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അച്ചായൻസ് ജ്വല്ലറി എംഡി ടോണി വർക്കിച്ചൻ്റെ നേതൃത്വത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് അംഗങ്ങൾ വള്ളം കളിക്കിടെ പ്രതിഷേധിച്ചത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് താഴത്തങ്ങാടിയിൽ അഗ്നി രക്ഷാസേന സംഘത്തിന്റെ സ്കൂബാ ടീമിൻറെ നേതൃത്വത്തിൽ വലിയ തിരച്ചിൽ നടത്തിയത്. ഇത് എന്തിനുവേണ്ടിയാണെന്ന് ചർച്ചയാണ് താഴത്തങ്ങാടിയിലും പരിസരപ്രദേശത്തും മുഴങ്ങുന്നത്. താഴത്തങ്ങാടിയിൽ വള്ളംകളിയ്ക്കിടെ അച്ചായൻ ജുവലറി എംഡി ടോണി വർക്കിച്ചന്റെ അഞ്ച് ലക്ഷം രൂപ വിലയുള്ള ഫോൺ മീനച്ചിലാറ്റിൽ പോയെന്നും ഇതിനു വേണ്ടിയാണ് നിലവിൽ ഇവിടെ തിരച്ചിൽ നടത്തുന്നതെന്നുമാണ് കഥ പ്രചരിക്കുന്നത്. എന്നാൽ , കഴിഞ്ഞദിവസം വള്ളംകളിയ്ക്കിടെ കോട്ടയം ജില്ലാ പോലീസിന്റെ വയർലെസ് സെറ്റുകളിൽ ഒന്ന് മീനച്ചിലാറ്റിൽ വീണുപോയിരുന്നു. ഈ വയർലെസ് സെറ്റ് കണ്ടെത്തുന്നതിനായാണ് താഴത്തങ്ങാടിയിൽ ഇന്ന് അഗ്നി രക്ഷാ സേനാ സംഘം തിരച്ചിൽ നടത്തിയത്. എന്നാൽ, തിരച്ചിൽ കാണാൻ കരയിൽ കൂടിയ ആളുകൾ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥ പ്രചരിപ്പിച്ചതോടെ അച്ചായൻസ് ജൂവലറി എംഡി ടോണി വർക്കിച്ചന്റെ അഞ്ചുലക്ഷം രൂപയുടെ ഫോൺ ആയി വെള്ളത്തിൽ പോയത്. ഏതായാലും പോലീസിന്റെ തിരച്ചിൽ സ്ഥലത്ത് തുടരുകയാണ്.