കോട്ടയം: മണർകാട് പള്ളിയ്ക്കു സമീപത്ത് ലോറി പോയതിനു പിന്നാലെ റോഡ് ഇടിഞ്ഞു താണു. റോഡ് ഇടിഞ്ഞ് താണ സ്ഥലത്തു നിന്നും ലോറി നീക്കം ചെയ്തപ്പോൾ നാട്ടുകാർ കണ്ടത് പഴയ കിണർ. മണർകാട് പള്ളിയ്ക്കു സമീപത്ത് മണർകാട് പള്ളി – കണിയാംകുന്ന് റോഡാണ് ഇടിഞ്ഞു താണത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഈ റോഡിലൂടെ ടിപ്പർ ലോറി കടന്ന് പോകുന്നതിനിടെ ലോറിയുടെ പിൻ ഭാഗത്തെ ഒരു വശത്തെ ചക്രം കുഴിയിലേയ്ക്ക് ആണ്ടു പോകുകയായിരുന്നു. ഉടൻ തന്നെ ഇവിടെയുണ്ടായിരുന്ന ആളുകൾ ചേർന്ന് ജെസിബി ഉപയോഗിച്ച് ടിപ്പർ ലോറി കുഴിയിൽ നിന്നും വലിച്ച് കരയ്ക്ക് കയറ്റി. ഇതിനു പിന്നാലെ നോക്കിയപ്പോഴാണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, കുഴിയിൽ നടത്തിയ പരിശോധനയിലാണ് ഇത് വർഷങ്ങൾക്ക് മുൻപ് മൂടാതെ കിടന്ന കിണറാണ് എന്ന് കണ്ടെത്തിയത്. റോഡ് ടാറിംങിന്റെ സമയത്ത് കിണറിനു മുകളിൽ ചുമടു താങ്ങി പോലെ ഭാരമുള്ള വസ്തു കയറ്റി വച്ച് കുഴി അടയ്ക്കുകയായിരുന്നു. എന്നാൽ, ഈ കിണർ കൃത്യമായി അന്ന് മൂടാതെ നടത്തിയ നിർമ്മാണ പ്രവർത്തനമാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഭാഗ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്.